Breaking News

സൗഹൃദത്തിന് രാഷ്ട്രീയമില്ല; സേവനത്തിനും പൊതുപ്രവർത്തനത്തിന് ഒരുമിച്ചുള്ള യാത്രയിൽ കോടോംബേളൂരിലെ ഉണ്ണിയും ഗോപിയും


അട്ടേങ്ങാനം: രണ്ട് വ്യത്യസ്ത രാഷട്രീയ ചിന്താഗതിക്കാർ, തെരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടം മുതൽ രാഷ്ട്രീയ പാർട്ടിയിലെ ചുമതലകൾ വരെ, ജീവകാരുണ്യ ട്രസ്റ്റുകളിലേയും ക്ഷേത്ര കമ്മിറ്റികളിലെ ഭാരവാഹിത്വങ്ങളും തുടങ്ങി ഒട്ടേറെ ചുമതലകൾ ഇരുവരും വഹിക്കുമ്പോഴും നാടിൻ്റെ സാമൂഹിക സാംസ്‌കാരിക വികസന മണ്ഡലങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നവരാണ് അട്ടേങ്ങാനം വെള്ളമുണ്ടയിലെ ഉണ്ണിക്കൃഷ്ണനും കുഞ്ഞിക്കൊച്ചിയിലെ പി. ഗോപിയും. സി.പി.എമ്മിൻ്റെ തട്ടകമെന്നവകാശപ്പെടുന്ന കുഞ്ഞിക്കൊച്ചിയിലെ ഗോപിയും സംഘപരിവാറിൻ്റെ ശക്തികേന്ദ്രമായ വെള്ളമുണ്ടയിലെ ഉണ്ണിക്കൃഷ്ണനും തമ്മിലുള്ള സൗഹൃദവും  സഹകരണവും തുടങ്ങിയിട്ട് വർഷങ്ങളായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടി .വിജയം സി. പി. എം സ്ഥാനാർത്ഥിയായ ഗോപിക്കായിരുന്നെങ്കിലും നാട്ടിലെ ഏതു കാര്യത്തിനും തൻ്റെ ചങ്ങാതിയെ കൂടെ കൂട്ടാൻ ഇരുവരും പരസ്പരം മറക്കാറില്ല.  ഉത്സവങ്ങൾ, കലാസാംസ്കാരിക പ്രവർത്തനങ്ങൾ, വിവാഹം, മരണം, കലാകായിക മത്സരങ്ങൾ  തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രണ്ടു പേരും ഒരു വാഹനത്തിൽ ഒരുമിച്ചെത്തും. തലച്ചോറിന് രോഗം ബാധിച്ച കുന്നുംവയലിലെ  മനോജിൻ്റെ ചികിത്സയ്ക്കു വേണ്ടികാരുണ്യ യാത്ര നടത്താൻ രണ്ടു പേരും മുന്നിട്ടിറങ്ങി പ്രവർത്തിച്ചതും ബേളൂർ ശിവക്ഷേത്രത്തിലേയും  പാൽക്കുളം ദേവീക്ഷേത്രത്തിലേയും  മഹോത്സവത്തിലെ ഒന്നിച്ചുള്ള സേവന സാന്നിദ്ധ്യവും സഹകരണവും നാട്ടുകാർക്കിടയിൽ ഏറെ മതിപ്പുളവാക്കിയിരുന്നു. രാഷ്ട്രീയ ചിന്താഗതികളുടെ പേരിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും സാധാരണക്കാർക്ക് തഴയപ്പെടുന്ന കാലത്ത് ഒരു നാടിൻ്റെ ആദ്ധ്യാത്മിക ,സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ തോളോട് തോൾ ചേർന്ന്  വികസന പ്രവർത്തനങ്ങൾക്ക് സർവ്വ സ്വീകാര്യത  നൽകുന്ന ഇവരുടെ പ്രവർത്തനം മാതൃകാപരമാണ്. രാഷ്ട്രീയത്തിനപ്പുറം പൊതുപ്രവർത്തന മണ്ഡലത്തിലെ മാനവീകതയും മാനുഷീകതയും സർവ്വ സ്വീകാര്യതയും കൊണ്ട് ജനമനസ്സുകളിൽ ഇടം നേടി രണ്ട് വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലെ ചുമതലകൾ വഹിച്ച് വ്യക്തി ബന്ധങ്ങൾക്ക് കരുത്ത് പകരുന്ന ഇവരുടെ  പ്രവർത്തനം നാട്ടുകാർക്കും കൗതുകമാണ്. തീക്ഷ്ണമായ പ്രത്യയശാസ്ത്രങ്ങളുടെ അതിർവരമ്പുകൾ ഭേദിക്കേണ്ടത് ഇങ്ങനെയുള്ള സൗഹൃദ കൂട്ടായ്മയിലൂടെയാണെന്ന് തെളിയിച്ച്, നാടിൻ്റെ ജീവൽപ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാൻ നാടിനാവശ്യമുള്ള രണ്ടു വ്യക്തിത്വങ്ങളായി അവർ നടക്കുകയാണ് നാട്ടുകാരുടെ സ്വന്തം ഗോപിയും ഉണ്ണിയും. മാന്യത മാനുഷികത ,ജനകീയ പൊതു കാര്യ സന്നദ്ധത തുടങ്ങി പൊതുപ്രവർത്തകർക്ക് വേണ്ടുന്നതെല്ലാം സമന്വയിപ്പിച്ച് ബന്ധങ്ങൾക്ക് മൂല്യച്യുതി വരുത്താതെ  കൊണ്ടു നടക്കുന്ന ഇവർ സമൂഹത്തിന് മാതൃകയാണ്.

No comments