സ്വകാര്യ ബസ് സമരം ആരംഭിച്ചു; യാത്ര ദുരിതം നേരിടുന്ന മലയോരമേഖലകളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ തുടങ്ങണമെന്ന് ആവശ്യം
കാസർഗോഡ് : സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർധ രാത്രിയോടെയാണ് സമരം തുടങ്ങിയത്. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അധിക സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
അതേസമയം യാത്ര ദുരിതം നേരിടുന്ന മലയോരത്തിന്റെ കൊന്നക്കാട് ,വെള്ളരിക്കുണ്ട് ,ചിറ്റാരിക്കാൽ ,ബിരിക്കുളം,പാണത്തൂർ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് യാതക്കാർ ആവശ്യപ്പെട്ടു .സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതൽ സർവ്വീസ് നടത്താനുള്ള കെഎസ്ആർടിസി എം ഡി യുടെ നിർദ്ദേശം. മിനിമം ബസ് ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഉടമകൾ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. 12,000 സ്വകാര്യ ബസുകളിൽ കോവിഡ് കാലത്തിനു ശേഷം സർവീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകൾ നിരത്തിലിറക്കില്ലെന്നു ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോൺസൺ പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബുവും പറഞ്ഞു.

No comments