'ദിൻഡിഗല്ലിൽ കേരള എക്‌സൈസിന്റെ രഹസ്യ ഓപ്പറേഷൻ'; സംസ്ഥാനത്തേക്ക് കടത്താൻ സൂക്ഷിച്ച 225 കിലോ കഞ്ചാവ് പിടികൂടി
ദിന്‍ഡിഗല്‍: ആന്ധ്രയില്‍ നിന്നും ലോറിയില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും തമിഴ്‌നാട് എന്‍ഐബിയുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി എത്തിയ ലോറി പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തികൊണ്ട് വന്ന തമിഴ് നാട് സേലം ജില്ലയില്‍ ശങ്കരഗിരി സ്വദേശിയായ അരുണ്‍കുമാര്‍ ( 33 ), കൃഷ്ണഗിരി ജില്ലയിലെ അഞ്ചൂര്‍ സ്വദേശിയായ ഷണ്മുഖം (58) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു തമിഴ്‌നാട് ദിന്‍ഡിഗല്‍ ഭാഗങ്ങളില്‍ കേരളാ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അന്വേഷണം നടത്തിയത്. പരിശോധനയ്ക്കിടെ പേപ്പര്‍ ലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 225 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ടിഎന്‍ 52 ക്യൂ 1587 നമ്പര്‍ ടോറസ് ലോറിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. സംഭവത്തില്‍ ദിന്‍ഡിഗല്‍ എന്‍ഐബി ഉദ്യേഗസ്ഥരെ വിളിച്ച് വരുത്തുകയും കേസെടുക്കുകയും ചെയ്തു. ദിണ്ടുക്കല്‍ എന്‍ഐബി ഡിഎസ്പി പുകഴേന്തിയോടൊപ്പം ഇന്‍സ്‌പെക്ടര്‍മാരായ രമേശ്, അനിത സബ്ഇന്‍സ്‌പെക്ടര്‍ പ്രേംകുമാര്‍ കോണ്‍സ്റ്റബിള്‍ മാരായ ഗോകുലപാലന്‍, രാജു , സെല്‍വരാജ്, വിശ്വനാഥന്‍, ആനന്ദ് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കേരളത്തിലെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരന്‍ ആയ മധുര കീരിപെട്ടി സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സംഭവത്തില്‍ അറസ്റ്റിലായവര്‍ നല്‍കിയ വിവരം. ആന്ധ്രയില്‍ നിന്നും ദിന്‍ഡിഗല്‍ വരെ കൊണ്ടുവരുന്നതിന് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്നും പിടിയിലായവര്‍ പ്രതികരിച്ചു. ആന്ധ്രയില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് കേളത്തിനോട് ചേര്‍ന്ന തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ സൂക്ഷിച്ചു വെക്കുകയും പിന്നീട് സംസ്ഥാനത്തേക്ക് കടത്തുകയുമാണ് ചെയ്യുന്നത് എന്നും പിടിയിലായവര്‍ വിവരം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ഡിണ്ടിക്കല്‍ എന്‍ഐബി ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍ അന്വേഷണം ആരംഭിച്ചു.

No comments