'നൂലുകൾ ലായനിയിൽ കുതിർത്ത് ഉണക്കി കെട്ടുകളാക്കി'; ഗുജറാത്തിൽ പിടികൂടിയത് 450 കോടി രൂപയുടെ ഹെറോയിൻ
അഹമ്മദാബാദ്: ഗുജറാത്തില്‍ 450 കോടി രൂപ വിലവരുന്ന 90 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. അമ്രേലി ജില്ലയിലെ പിപാവാവ് തുറമുഖത്തേക്ക് ഇറാനില്‍ നിന്നെത്തിയ കണ്ടെയ്‌നറില്‍ നിന്നാണ് ഇത്രയും ഹെറോയിന്‍ പിടികൂടിയത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും ചേര്‍ന്നാണ് ഹെറോയിന്‍ പിടികൂടിയത്. പരിശോധനകളെ മറികടക്കാന്‍ ഹെറോയിന്‍ അടങ്ങിയ ലായനിയില്‍ കുതിര്‍ത്ത നൂലുകളുടെ രൂപത്തിയായിരുന്നു കടത്താന്‍ ശ്രമിച്ചത്. ഹെറോയിന്‍ ലായനിയില്‍ കുതിര്‍ത്ത നൂലുകള്‍ ഉണക്കിയ ശേഷം കെട്ടുകളായി പാക്ക് ചെയ്ത നിലയിലാണ് പിടിച്ചെടുത്തതെന്ന് ഗുജറാത്ത് ഡിജിപി ആശിഷ് ഭാട്ടിയ അറിയിച്ചു. അഞ്ച് മാസം മുമ്പാണ് ഇറാനില്‍ നിന്നും കണ്ടെയ്‌നര്‍ എത്തിയത്. നാല് ബാഗുകളില്‍ സംശയം തോന്നുകയും ഇത് ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
395 കിലോയോളം ഭാരം നൂലുകള്‍ക്ക് ഉണ്ടായിരുന്നു. ഇതില്‍ നിന്ന് വേര്‍തിരിച്ചെടുത്തപ്പോഴാണ് 90 കിലോഗ്രാം ഹെറോയിന്‍ ലഭ്യമായത്. ഇതിന് 450 കോടി രൂപ വിലവരുമെന്നും ഡിജിപി അറിയിച്ചു. സംശയം തോന്നാതിരിക്കാന്‍ സാധാരണ നൂലുകള്‍ അടങ്ങിയ കെട്ടുകള്‍ക്കിടയില്‍ ചേര്‍ത്തായിരുന്നു ഹെറോയിന്‍ അടങ്ങിയ നൂല്‍ക്കെട്ടുകളും ഉണ്ടായിരുന്നത്.
No comments