Breaking News

ഇമ്രാൻ ഔട്ട് ; പാകിസ്താന് പുതിയ പ്രഭാതമെന്ന് ഷഹബാസ് ഷെരീഫ്; പ്രധാനമന്ത്രിയെ തിങ്കളാഴ്ച തെരഞ്ഞെടുക്കും


ഇസ്ലാമാബാദ്: വിശ്വാസവോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ പരായജയപ്പെട്ടതോടെ പാകിസ്താനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേക്ക്. നിലവിലെ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന് ഒപ്പം പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയും ഷഹബാസ് ഷെരീഫിന് ഉണ്ടെന്നത് ഈ സാധ്യതകള്‍ കുടുതല്‍ ഉറപ്പിക്കുന്നു. തിങ്കളാഴ്ച ചേരുന്ന ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കും.

പുതിയ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്നാണ് അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ഷഹബാസ് ഷെരീഫ് നടത്തിയ പ്രതികരണം. പാകിസ്താന് ഒരു പുതിയ പ്രഭാതമായിരിക്കും എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ സര്‍വ്വശക്തനായ അല്ലാഹു ഈ രാഷ്ട്രത്തിന് പ്രത്യേക അനുഗ്രഹങ്ങള്‍ നല്‍കട്ടെ. അല്‍ഹംദുലില്ലാഹ്, പ്രിയപ്പെട്ട രാജ്യവും പാര്‍ലമെന്റ് സഭയും, ഇന്നലെ രാത്രി ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് മോചനം നേടി. പാകിസ്താന്‍ എന്ന രാഷ്ട്രത്തിന് ഒരു പുതിയ പ്രഭാതമാണ് ഇന്ന്. സര്‍വ്വശക്തനായ അല്ലാഹു പാകിസ്ഥാനെ പിന്തുണയ്ക്കട്ടെ. നിങ്ങളെല്ലാവരുടെയും പിന്തുണവേണം', എന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. പഞ്ചാബ് പ്രവിശ്യാ മുന്‍ മുഖ്യമന്ത്രിയും പാകിസ്താന്‍ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍എന്‍) വിഭാഗത്തിന്റെ സഹ അധ്യക്ഷനുമാണ് ഷഹബാസ് ഷെരീഫ്. എഴുപതുകാരനായ ഷഹബാസ് ഷെരീഫ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ്.

ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷഹബാസ് ഷെരീഫായിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷപാര്‍ട്ടികള്‍ മുന്നോട്ടുവെച്ച ഏക പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഷഹബാസ് ഷെരീഫ് മാത്രമാണ്. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഏറെ നേട്ടമുണ്ടാക്കുമെന്ന വിശകലനങ്ങളും പാകിസ്താനില്‍ നിന്ന് വരുന്നുണ്ട്. പാകിസ്താനിലെ പ്രധാന പ്രവിശ്യയായ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരിക്കെ നിരവധി അടിസ്ഥാനവികസന പദ്ധതികളാണ് ഷഹബാസ് ഷെരീഫ് പ്രാവര്‍ത്തികമാക്കിയത്. ലാഹോറിലെ ആദ്യ അത്യാധുനിക ജനകീയ ഗതാഗത സംവിധനമുള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പാക്കിയതിന്റെ അംഗീകാരം ഷഹബാസ് ഷെരീഫിനാണ്. അതേസമയം സഹോദരന്‍ നവാസ് ഷെരീഫില്‍ നിന്നും വ്യത്യസ്തമായി പാകിസ്താന്‍ സൈന്യവുമായി ഗാഢമായ സൗഹൃദ ബന്ധമാണ് ഷഹബാസ് ഷെരീഫ് പുലര്‍ത്തുന്നത്. ഇന്ത്യയുമായും മുന്‍ കാലങ്ങളില്‍ ഷെരീഫ് കുടുംബം ഭരണരംഗത്തിരിക്കെ നല്ല നയതന്ത്ര ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ലാഹോര്‍ ബസ് സര്‍വ്വീസ് ഉള്‍പ്പടെ ഇന്ത്യപാകിസ്താന്‍ ബന്ധത്തില്‍ സൗഹൃദപരമായ നിരവധി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് നവാസ് ഷെരീഫിന്റെ കാലത്താണ്.
1997ലാണ് പഞ്ചാബിലെ മുഖ്യമന്ത്രിയായി ഷഹബാസ് ഷെരീഫ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1990ല്‍ ദേശീയ അസംബ്ലിയില്‍ (എംഎന്‍എ) അംഗമായത്. എന്നാല്‍ 2000ല്‍ നവാസ് ഷെരീഫ് സര്‍ക്കാരിനെ അട്ടിമറിച്ചതിനുശേഷം ഷഹബാസ് ജയിലിലടക്കപ്പെട്ടു. പിന്നീട് സൗദി അറേബ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. 2007ല്‍ തിരിച്ച് പാകിസ്താനിലെത്തിയ ഷഹബാസ് ഷെരീഫ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയായിരുന്നു. പാകിസ്താന്‍ മുസ്ലീം ലീഗ് (നവാസ്)ന്റെ അധ്യക്ഷനായതോടെയാണ് ഷഹബാസ് ഷെരീഫ് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. നവാസ് ഷെരീഷ് പനാമ പേപ്പര്‍ അനധികൃത സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെയാണ് ഷഹബാസ് ഷെരീഫ് പാര്‍ട്ടിയുടെ അമരത്തേക്ക് എത്തിച്ചേരുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡുമായാണ് അദ്ദേഹം വരുന്നത് മികച്ച മുഖ്യമന്ത്രിയെന്ന ബഹുമതിയും ഷഹബാസ് മുന്‍കാലങ്ങളില്‍ നേടിയിട്ടുണ്ട്. 2013ല്‍ മൂന്നാം തവണയും പഞ്ചാബിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം 2018ല്‍ പൊതുതിരഞ്ഞെടുപ്പില്‍ പിഎംഎല്‍എന്‍ പരാജയപ്പെടുന്നതുവരെ ഭരണം തുടര്‍ന്നു. രാജ്യത്തെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (ചഅആ) അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഷരീഫ് കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ ഷഹബാസും നേരിടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അതേസമയം ഷഹബാസ് ഷെരീഫിനെതിരെയുള്ള കേസുകളില്‍ ഒന്നില്‍ പോലും അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചതായി വിവരങ്ങളുണ്ട്. ഭരണ രംഗത്ത് പുലര്‍ത്തുന്ന തികഞ്ഞ ആത്മ വിശ്വാസമുള്ള നയമികവാണ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ഷെരീഫിനെ പാക് നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്.

No comments