'കെജിഎഫിന്' ഇടയിൽ തിയേറ്ററിൽ വെടിവെപ്പ്; ഒരാൾക്ക് പരുക്കേറ്റു
'കെജിഎഫ് ചാപ്റ്റർ 2' പ്രദർശനത്തിനിടയിൽ കർണാടകയിലെ തിയേറ്ററിൽ തർക്കത്തെ തുടർന്ന് കാണികളിലൊരാൾ വെടിയുതിർത്തു. മുൻസീറ്റിലേക്ക് കാലെടുത്തുവെച്ചതിനെ തുടർന്നുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. വെടിവെപ്പിൽ വസന്തകുമാർ എന്ന യുവാവിന് പരുക്കേറ്റിട്ടുണ്ട്.ഹാവേരിയിലെ തിയേറ്ററിലാണ് സംഭവം. വസന്തകുമാറും സുഹൃത്തുക്കളും രാത്രി ഷോ കാണാൻ വന്നതായിരുന്നു. ഇയാൾ മുൻസീറ്റിലേക്ക് കാൽവെക്കുകയും തുടർന്ന് മുൻസീറ്റിൽ ഇരുന്ന വ്യക്തിയുമായി ഇതേ ചൊല്ലി തർക്കമുണ്ടായി. ആ വ്യക്തി തിയേറ്ററിൽ നിന്ന് ഇറങ്ങി പോവുകയും കുറച്ച് നേരത്തിന് ശേഷം തോക്കുമായി വന്നു വസന്തകുമാറിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.
മൂന്ന് തവണയാണ് ഇയാൾ വെടിയുതിർത്തത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആദ്യ റൗണ്ട് ആകാശത്തേക്കും അടുത്ത രണ്ട് തവണ വസന്തകുമാറിന്റെ വയറ്റിലേക്കുമാണ് വെടിവെച്ചത്. ഭയന്ന കാണികൾ എല്ലാവരും തിയേറ്ററിൽ നിന്ന് ഇറങ്ങിയോടുകയായിരിക്കുന്നു.ഇരുവരും തമ്മിൽ യാതൊരു വിധ മുൻവൈരാഗ്യവുമില്ലെന്ന് പൊലീസ് അറിയിച്ചു. വെടിയുതിർത്ത വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ അയാളെ പിടികൂടാനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്. തോക്കിന് ലൈസൻസ് ഉള്ളവരുടെ പട്ടിക പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നും പൊലീസ് അറിയിച്ചു. വസന്തകുമാർ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഇയാൾ അപകടനില തരണം ചെയ്തുവെന്നാണ് പൊലീസ് നൽകുനൻ വിവരം.
No comments