Breaking News

പ്രക്ഷോഭ സമരങ്ങൾ ഫലം കണ്ടു നീലേശ്വരം- ഇടത്തോട് റോഡ് ടാറിംഗ് പ്രവർത്തി തുടങ്ങി


ഇടത്തോട്: നീലേശ്വരം-എടത്തോട് റോഡിന്റെ നരിമാളംമുതൽ പാലാത്തടംവരെയുള്ള ടാറിടൽ തുടങ്ങി. ബുധനാഴ്ചയാണ്‌ പ്രവൃത്തി ആരംഭിച്ചത്. ഈ ഭാഗത്തുകൂടിയുള്ള ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചമുതൽ ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന ടാറിടൽ മഴകാരണമാണ് വൈകിയത്.


നാളുകളായി റോഡ് കിളച്ച് ജെല്ലിയിട്ടെങ്കിലും ടാറിടൽ തുടങ്ങാത്തതിനാൽ റോഡിൽ പൊടിശല്യവും അപകടവും പതിവായിരുന്നു. അതിനെതിരേ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായിരുന്നു. മൂന്നുവർഷം മുൻപാണ് നീലേശ്വരം-എടത്തോട് റോഡ് പണി ആരംഭിച്ചത്.


നിലവിൽ ചോയ്യങ്കോടുമുതൽ നീലേശ്വരം വള്ളിക്കുന്ന് ആസ്പത്രിവരെയുള്ള ഭാഗത്താണ് പണി പൂർത്തിയാക്കാനുള്ളത്. നിലവിലെ ടാറിടൽ അഞ്ചുദിവസത്തിനകം പൂർത്തിയാക്കുമെന്ന് കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ (കെ.ആർ.എഫ്.ബി.) എക്സിക്യുട്ടീവ് എൻജിനിയർ സി.ജെ. കൃഷ്ണൻ പറഞ്ഞു. ഇത് പൂർത്തിയായാലുടൻ ബാക്കിവരുന്ന ഭാഗങ്ങളിലെ പണിയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വർഷങ്ങളായി നീളുന്ന പ്രവൃത്തി പൂർത്തിയാകാൻ വൈകുന്നതിനാൽ ഒരുവർഷത്തോളമായി രാഷ്ട്രീയപാർട്ടികളുടേതടക്കം നിരവധി സമരങ്ങൾ നടന്നിരുന്നു. കിഫ്ബി നിർദേശപ്രകാരം കെ.ആർ.എഫ്.ബി. 2022 ജൂൺ 30-നകം പണി പൂർത്തിയാക്കാനാണ് കരാറുകാരന് നിർദേശം നൽകിയിട്ടുള്ളത്.അതിൽ ചോയ്യങ്കോടുമുതൽ വള്ളിക്കുന്നുവരെയുള്ള ഭാഗമാണ് ഉൾപ്പെടുന്നത്. ബാക്കിവരുന്ന കോൺവെന്റ്‌ വരെയുള്ള റോഡിനായി സ്ഥലമേറ്റെടുപ്പും പൂർത്തീകരിക്കേണ്ടതുണ്ട്.

No comments