Breaking News

കാഴ്ച പരിമിതനായ കാസർഗോഡ് സ്വദേശിയായ അത്തർ വിൽപ്പനക്കാരനെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച ശേഷം ഫോണും പണവും കവർന്നു


കോഴിക്കോട്: സഹായിക്കാനെന്ന വ്യാജേന എത്തിയയാള്‍ കാഴ്ച പരിമിതന്റെ മൊബൈല്‍ ഫോണും പണവും കവര്‍ന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. കാസര്‍കോഡ് സ്വദേശി അസീസിന്റെ പണവും ഫോണുമാണ് അപരിചിതന്‍ കവര്‍ന്നത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു കവര്‍ച്ച. കവര്‍ച്ച നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റോഡ് മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടുകയായിരുന്ന അസീസിനെ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ എത്തി. റോഡ് മുറിച്ച് കടന്ന ശേഷം തൊട്ടടുത്തുള്ള മസ്ജിദില്‍ അസീസ് നിസ്‌കാരത്തിനായി കയറുകയായിരുന്നു. ഇതിന് മുമ്പേ അസീസിന്റെ ഫോണും ബാഗുമടക്കം ഇയാള്‍ കൈക്കലാക്കിയിരുന്നു.

താന്‍ കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞ അസീസ് നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. വര്‍ഷങ്ങളായി കോഴിക്കോട് നഗരത്തിലും പരിസരത്തും അത്തര്‍ കച്ചവടമാണ് അസീസിന്റെ വരുമാന മാര്‍ഗം. 5000 രൂപയിലേറെ വിലവരുന്ന അത്തറും 20,000 രൂപയോളവുമായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ട ബാഗില്‍ ഉണ്ടായിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കവര്‍ച്ച ചെയ്യപ്പെട്ട ഫോണിന്റ ലൊക്കേഷന്റെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

No comments