Breaking News

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; കെഎസ്ഇബി സമര നേതാവിന് 6.72 ലക്ഷം പിഴ


തിരുവനന്തപുരം: മാനേജുമെന്റും ജീവനക്കാരും കടുത്ത ഭിന്നത തുടരുന്നതിനിടെ കെഎസ്ഇബിയിലെ സമര നേതാവിന് പിഴ ചുമത്തി ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ്. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനാണ് ഏഴ് ലക്ഷത്തോളം രൂപ പിഴ ചുമത്തിയത്. കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മന്ത്രിയുടെ സ്റ്റാഫായിരുന്ന സമയത്ത് അനധികൃതമായി കെഎസ്ഇബിയുടെ വാഹനം ഉപയോഗിച്ചു എന്നതാണ് നടപടിക്ക് ആധാരം. 6,72,560 രൂപ പിഴയൊടുക്കണം എന്നാണ് നിര്‍ദേശം.

എന്നാല്‍, ഇപ്പോഴത്തെ നീക്കം പ്രതികാര നടപടി എന്നാണ് എംജി സുരേഷ് കുമാറിന്റെ പ്രതികരണം. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് വിഷയത്തെ കുറിച്ച് അറിവുള്ളത്. ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കുമ്പോള്‍ വിഷയം ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി വിശദീകരണം തേടിയ ശേഷമെ നടപടി സ്വീകരിക്കാനാവുകയുള്ളു. വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്തെ വിഷയത്തിലാണ് നടപടി. ആ സാഹചര്യത്തില്‍ അന്നത്തെ വൈദ്യുത മന്ത്രിയോട് കൂടി വിഷയത്തില്‍ വിവരങ്ങള്‍ തേടേണ്ടതുണ്ട്. ഇപ്പോള്‍ ചെയ്യുന്നത് വ്യക്തിഹത്യയാണ്. അതിന് മാധ്യമങ്ങളെ ഉപയോഗിക്കുയാണ് എന്നും എംജി സുരേഷ്‌കുമാര്‍ പ്രതികരിച്ചു.

എന്നാല്‍, കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും ജീവനക്കാരും സമവായ ചര്‍ച്ചകള്‍ നടന്നതിന് ശേഷവും പ്രതികാര നടപടി എന്ന് ഉത്തരവിനെ വിലയിരുത്താനാവില്ലെന്നും വാദമുണ്ട്. ബോര്‍ഡ് യോഗത്തിന്റെ തീരുമാനം പ്രകാരം 19ാം തീയ്യതിയാണ് എംജി സുരേഷ് കുമാറിന് എതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 20നാണ് സമവായ ചര്‍ച്ച നടക്കുന്നത്. ഈ ചര്‍ച്ചയിലാണ് സമരത്തിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന ധാരണയായത്.

No comments