കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന് മേഖല വരെ നീണ്ടു നിന്ന ന്യുനമര്‍ദ്ദ പാത്തി നിലവില്‍ വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ നിലനില്‍ക്കുന്നതാണ് മഴയ്ക്ക് സാധ്യത നല്‍കുന്നത്. 2022 ഏപ്രില്‍ 24 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്നും നാളെയും കേരളത്തില്‍ ശക്തമായ കാറ്റും ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 30-40 കിമി വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
No comments