Breaking News

മനോദൗർബല്യമുളളയാൾ ട്രക്കെടുത്ത് പാഞ്ഞത് 27 കിലോമീറ്റർ; പൊലീസെത്തി പിടികൂടി


തൃശൂർ: മനോദൗർബല്യമുളള മുൻ ഡ്രൈവർ നിർത്തിയിട്ടിരുന്ന ട്രക്കെടുത്ത് അപകടകരമായി വണ്ടി ഓടിച്ചത് 27 കിലോമീറ്റർ. കാബിനിൽ കിടന്നുറങ്ങിയിരുന്ന ഡ്രൈവർ അറിയാതെയാണ് ഇയാൾ ട്രക്കോടിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് ദേശീയപാതയിലൂടെ ട്രക്കോടിച്ച് പരിഭ്രാന്തി പരത്തിയത്. സംഭവത്തിൽ ഒരു ലോറി ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊരട്ടി പൊലീസെത്തി ഇയാളെ പിടികൂടിയ ശേഷം വിട്ടയച്ചു. മണ്ണുത്തി-നെടുമ്പാശേരി നാലുവരിപ്പാതയിൽ ഇന്നലെ പുലർച്ചയാണ് സംഭവം. കർണാടകയിൽ നിന്നു കൊച്ചിയിലേക്ക് ഗൃഹോപകരണങ്ങളുമായി വരുകയായിരുന്നു ട്രക്ക്. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം വണ്ടി നിർത്തി ഡ്രൈവർ ശുചിമുറിയിൽ പോയി. ഈ സമയത്ത് ഒപ്പമുളള മറ്റൊരു ഡ്രൈവർ ക്യാബിനിൽ ഉറങ്ങുകയായിരുന്നതിനാൽ താക്കോൽ എടുക്കാതെയാണ് പോയത്. ഇതിനിടെ റോഡരികിൽ നിന്ന യുവാവ് കാബിനിൽ കയറി ട്രക്ക് സ്റ്റാർട്ട് ചെയ്യുകയായിരുന്നു.

പോട്ട ജം​ഗ്ഷൻ മുതൽ ഇയാൾ വാഹനം ഇരുദിശകളിലേക്കും വെട്ടിക്കാൻ തുടങ്ങിയത് റോഡിൽ പലരുമായും തർക്കമുണ്ടാകുന്നതിന് കാരണമായി. മുരിങ്ങൂർ ജം​ഗ്ഷനിൽ എത്തിയ ട്രക്ക് ഒരു ടൂറിസ്റ്റ് ബസിനു മുന്നോട്ടു പോകാൻ കഴിയാത്ത വിധം ഓടിച്ചതോടെ ബസ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊങ്ങത്തു വെച്ച് ബസ് കുറുകെയിട്ട് ട്രക്ക് തടഞ്ഞു. യാത്രക്കാർ ബഹളം വെച്ചതോടെയാണ് കാബിനിൽ ഉറങ്ങുകയായിരുന്ന കോതമംഗലം സ്വദേശിയായ ഡ്രൈവർ വിവരമറിയുന്നത്. ശുചിമുറിയിൽ കയറിയ ഡ്രൈവർ ഫോൺ കാബിനിൽ തന്നെ വച്ചതിനാൽ ഉറങ്ങുകയായിരുന്ന സുഹൃത്തിനെ വിവരമറിയിക്കാൻ കഴിഞ്ഞിരുന്നില്ല. കൊരട്ടി പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. യാത്ര തടസപ്പെടുത്തിയതിൽ ഒരു ലോറി ഡ്രൈവർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രക്കോടിച്ച ഡ്രൈവറെ പിടികൂടി കോടതിയിൽ ഹാജരാക്കിയ ശേഷം ലോറി ഡ്രൈവർ പരാതി പിൻവലിച്ചതിനാൽ വിട്ടയക്കുകയായിരുന്നു.


No comments