Breaking News

മഴ തുടങ്ങിയതോടെ ഭീമനടി-ചിറ്റാരിക്കാൽ റോഡ് ചെളിക്കുളമായി മാറി സഹികെട്ട നാട്ടുകാർ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചു


ഭീമനടി: (www.malayoramflash.com) മലയോരത്തെ പ്രധാന റോഡായ ഭീമനടി -ചെറുപുഴ- ഒടയഞ്ചാൽ മേജർ ജില്ലാ റോഡിൽ പെട്ട ഭീമനടി ചിറ്റാരിക്കൽ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതു കാരണം മഴ പെയ്തതോടെ മുഴുവൻ ചെളിക്കുളമായി മാറിയിരിക്കുകയാണ്. ഇതു വഴി കാൽനടയാത്ര പോലും  ദുസഹമായ അവസ്ഥയിൽ നാട്ടുകാർ സഹികെട്ട് പ്രതിഷേധവുമായി ശനിയാഴ്ച റോഡിലിറങ്ങി. റോഡ് പണിക്കായി വന്ന വാഹനങ്ങൾ തടഞ്ഞുവച്ചു. കരാറുകാരൻ സ്ഥലത്ത് എത്തിയതിന് ശേഷം ചളിക്കുളമായി മാറിയ റോഡിന് ഒരു തീരുമാനമുണ്ടാക്കിയാൽ മാത്രമെ പിന്മാറുകയുള്ളു എന്ന് നാട്ടുകാർ ഒന്നടങ്കം പറഞ്ഞു. ഒടുവിൽ കരാറുകാരൻ എത്തി  ചെളി കോരി മാറ്റിക്കോളാമെന്ന് ഉറപ്പു നൽകിയതിന് ശേഷമാണ് നാട്ടുകാർ ശാന്തരായത്.

ഇതൊരു സൂചനാ പ്രതിഷേധം മാത്രമാണെന്നും എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തീകരിച്ചില്ലെങ്കിൽ മുഴുവൻ വാഹനങ്ങളും തടഞ്ഞു കൊണ്ട് ജനങ്ങൾ ഒറ്റക്കെട്ടായി ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് പ്രദേശവാസിയായ രാജൻനായർ മലയോരംഫ്ലാഷിനോട് പറഞ്ഞു.


മൂന്നു വർഷമായി ഈ റോഡിൻ്റെ  നിർമ്മാണം തുടങ്ങിയെങ്കിലും ഒട്ടേറെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവർത്തി പൂർത്തിയാക്കാതെ ഇഴഞ്ഞ് നീങ്ങുകയാണ്. നിലച്ചുപോയ നവീകരണ പ്രവർത്തി അടുത്ത കാലത്ത് വീണ്ടും പുനരാരംഭിച്ചെങ്കിലും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നിർമ്മാണ പ്രവർത്തി നീണ്ടു പോകാൻ പ്രധാന കാരണം. റോഡരികിലെ മണ്ണ് മാന്തിയപ്പോൾ കുടിവെള്ള പൈപ്പുകൾ പുറത്തുവന്നതും, മണ്ണിട്ട് ഉയർത്തിയ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകൾ അപകടകരമാം വിധം താഴ്ന്ന് നിൽക്കുന്നതും നിർമ്മാണത്തിന് ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതും പ്രവർത്തി വീണ്ടും മന്ദഗതിയിൽ ആക്കുകയായിരുന്നു. മലയോരത്ത് മഴ തുടങ്ങിയതോടെ റോഡ് മുഴുവൻ ചെളി കുളമായി മാറി. നിരവധി ഇരുചക്രവാഹനങ്ങൾ റോഡിലെ ചെളിയിൽ തെന്നിവീണ് യാത്രക്കാർക്ക് പരിക്കുപറ്റുന്നത് നിത്യസംഭവമായി മാറി. മാങ്ങോട് പാതി വഴിയിൽ നിർമ്മാണം നിലച്ച കലുങ്കിൻ്റെ അരികുകൾ ഇടിഞ്ഞ് വീഴാൻ തുടങ്ങി, അപകടകരമായ നിലയിലാണ് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്. മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പായി ഒരു ലെയർ എങ്കിലും ടാറിങ് നടത്തിയില്ലെങ്കിൽ നൂറുകണക്കിന് യാത്രക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും ദുരിതത്തിലാകും.

No comments