Breaking News

ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചസംഭവം; സ്വമേധയാ കേസെടുത്ത് ഹൈകോടതി


കൊച്ചി: കാസ‍ർകോട് (Kasaragod) ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ ഹൈക്കോടതി (High Court) സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. കാസർകോട് സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് രാത്രി ഭക്ഷണം വിൽക്കുന്ന കടകളിൽ വ്യാപക പരിശോധന തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഭക്ഷ്യവിഭവങ്ങളിൽ മായം ചേ‍ർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസ‍ർകോട് ചെറുവത്തൂരിൽ മൂന്ന് പേർക്ക് മാത്രമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്നും ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഐഡിയൽ ഫുഡ് പോയന്റ് കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിക്കും. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. മനോജ് അറിയിച്ചു. 

രോഗ ബാധിതരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ. കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. പനി, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എവി രാംദാസ് അഭ്യർത്ഥിച്ചു.

No comments