Breaking News

പൂടംകല്ലിൽ ഡയാലിസിസ് 
 യൂണിറ്റ്‌ വരണമെന്ന ആവശ്യം ശക്തം മലയോര മേഖലയിലുള്ള രോഗികൾ കാസർകോടും പരിയാരത്തെ ഗവ. മെഡിക്കൽ കോളേജിലും സ്വകാര്യ ക്ലിനിക്കുകളിലും പോയാണ്‌ ഡയാലിസിസ്‌ ചെയ്യുന്നത്‌


രാജപുരം : പൂടംകല്ല് താലൂക്ക് ആശുപത്രിലെ ഡയാലിസിസ് യൂണിറ്റ്‌ വേഗത്തിൽ ആരംഭിക്കണമെന്നാവശ്യം. ഇവിടെ 110 രോഗികൾ ഡയാലിസിസിനായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 2019-ലാണ്‌ ഡയാലിസിസ് യൂണിറ്റിന്‌ അനുമതിയായത്‌. കിഫ്ബിയിൽ ഒരു കോടി രൂപയും അനുവദിച്ചു. ഇതിനോടൊപ്പം ഫണ്ട് അനുവദിച്ച ജില്ലയിലെ മറ്റു താലൂക്ക് ആശുപത്രികളിലെല്ലാം ഡയാലിസിസ് കേന്ദ്രം തുടങ്ങി.
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പഴയ ഐപി വിഭാഗത്തിന്റെ മേൽക്കൂര മാറ്റി ഡയാലിസിസ് യൂണിറ്റാക്കാനാണ്‌ തീരുമാനം. പണി പൂർത്തിയാകാൻ ഇനിയും മാസങ്ങൾ എടുക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ മറ്റു പഞ്ചായത്തുകളിലെ കണക്കെടുത്താൽ ഇതിലും കൂടും. രോഗികൾ കാസർകോടും പരിയാരത്തെ ഗവ. മെഡിക്കൽ കോളേജിലും സ്വകാര്യ ക്ലിനിക്കുകളിലും പോയാണ്‌ ഡയാലിസിസ്‌ ചെയ്യുന്നത്‌.
പെരുമ്പള്ളി കാപ്പുംകര കുടിവെള്ള പദ്ധതിയിൽനിന്നും അയറോട്ടെ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നും ഇവിടത്തേക്ക്‌ വെള്ളം കൊണ്ടുവരാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് 41 ലക്ഷം രൂപ ജലഅതോറിറ്റിക്ക് അടച്ചിട്ട് മാസം മൂന്ന് കഴിഞ്ഞു.
ആശുപത്രിക്ക് 500 മീറ്റർ അകലെ പൈനിക്കരയിൽ ചാലിന് സമീപത്ത്‌ കുളം കുഴിക്കാനുള്ള സ്ഥലം കള്ളാർ പഞ്ചായത്തിന്റെ ആവശ്യാർഥം ബ്ലോക്ക് പഞ്ചായത്ത് നൽകിയെങ്കിലും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ എതിർപ്പിനെത്തുടർന്ന്‌ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഉപേക്ഷിച്ചു.



No comments