44 വർഷത്തെ കാത്തിരിപ്പിന് വിരാമം: ഇരിയ മുട്ടിച്ചരൽ കോപ്പാളംമൂലക്കാരുടെ റോഡെന്ന സ്വപ്നം യാഥാർത്ഥ്യമായി
ഇരിയ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലെ മുട്ടിച്ചരൽ കോപ്പാളം മൂലയിലെ 11 കുടുംബങ്ങൾ കഴിഞ്ഞ 44 വർഷമായി നല്ലൊരു റോഡിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു്. 2 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഇടുങ്ങിയ റോഡിൽ മഴ വന്നാൽ വെള്ളം കെട്ടി കിടന്ന് കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ്റെ ഇടപെടലിൻ്റെ ഭാഗമായി 5 മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ച് 4 മീറ്റർ വീതിയിൽ കോൺക്രീറ്റ് നടത്തി മനോഹരമായ റോഡ് നിർമ്മിച്ച് നാട്ടുക്കാരുടെ സ്വപ്നം സാക്ഷാൽകരിച്ചിരിക്കുകയാണ്. അതു കൊണ്ട് തന്നെ റോഡ് ഉൽഘാടന പരിപാടിക്ക് നാട്ടിലെ മുഴുവനാളുകളും ഇറങ്ങി ഉൽസവാന്തരീക്ഷത്തിൽ ഉൽഘാടനം നടത്തി.റോഡിൻ്റെ ഉൽഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ നിർവ്വഹിച്ചു.പി.എൽ.ഉഷ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞമ്പു മാമ്പളം, പ്രിയേഷ്, ജയഭാരതി, എന്നിവർ സംസാരിച്ചു. ശകുന്തള സ്വാഗതം പറഞ്ഞു.
No comments