Breaking News

ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ?; ഉടൻ ഡിലീറ്റ് ചെയ്യുക, അല്ലെങ്കിൽ പണികിട്ടിയേക്കും.!




സന്‍ഫ്രാന്‍സിസ്കോ: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ജനപ്രിയമായ ഒരു കൂട്ടം ആപ്പുകളെ നിരോധിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട് പുതിയ സുരക്ഷ മുന്നറിയിപ്പില്‍.

ഗൂഗിൾ അതിന്റെ പ്ലേ സ്റ്റോറിൽ നിന്ന് വളരെ ജനപ്രിയമായ ഒരു ആപ്ലിക്കേഷൻ നിരോധിച്ചിരിക്കുന്നത്, അതിന് വളരെ നല്ല കാരണമുണ്ട്.
പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റര്‍ (PIP Pic Camera Photo Editor) എന്ന ഫോട്ടോ എഡിറ്റര്‍ ആപ്പിൽ ഒരു മാല്‍വെയര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ യൂസര്‍നെയിം പാസ്വേര്‍ഡ് ഉൾപ്പെടെയുള്ള ഫേസ്ബുക്ക് വിവരങ്ങള്‍ മോഷ്ടിക്കാൻ കഴിവുള്ള മാല്‍വെയറാണ് ഇത്. അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാനും വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനും കോൺടാക്‌റ്റുകളിലേക്ക് സ്‌കാം സന്ദേശങ്ങൾ അയയ്‌ക്കാനും ഇത് ഹാക്കർമാരെ അനുവദിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്.

ഈ ആഴ്ച ആദ്യം വരെ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നു. എന്നാൽ അതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് ശേഷം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പിനെ വിലക്കി. പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റര്‍ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ദശലക്ഷക്കണക്കിന് ആളുകളുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. അവര്‍ ഈ ആപ്പ് ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശിക്കുന്നു. ഒപ്പം നിങ്ങളുടെ ഫേസ്ബുക്ക് പാസ്വേര്‍ഡ് ഉടന്‍ മാറ്റാനും നിര്‍ദേശം ഉണ്ട്.

ഈ ആപ്പിന്‍റെ ഭീഷണി ആദ്യം കണ്ടെത്തിയത് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഡോ. വെബിലെ ടീം ആണ്. ഇവരുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അനാവശ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കാനും ബാറ്ററി ലൈഫ് നശിപ്പിക്കാനും ഫോണിൽ തന്നെ അനധികൃത മാറ്റങ്ങൾ വരുത്താനും കഴിയുന്ന മാല്‍വെയര്‍ ഉള്‍പ്പെടുന്ന നാല് ആപ്ലിക്കേഷനുകൾ കൂടി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

വൈൽഡ് & എക്സോട്ടിക് അനിമൽ വാൾപേപ്പർ, സോഡിഹോറോസ്‌കോപ്പ്, പിഐപി ക്യാമറ 2022, മാഗ്നിഫയർ ഫ്ലാഷ്‌ലൈറ്റ് എന്നിവയാണ് അവ. ഇവയ്ക്കും ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയിച്ചുണ്ട്. മുകളില്‍ പറഞ്ഞ ആപ്പുകളില്‍ ഏതെങ്കിലും നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

No comments