Breaking News

ബസ് സർവീസ് പുനരാരംഭിച്ചില്ല: ഭീമനടി-നർക്കിലക്കാട്-ചിറ്റാരിക്കാൽ റൂട്ടിൽ യാത്രാ ദുരിതം.. ബസ് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ-എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം


ഭീമനടി: ഭീമനടി - നർക്കിലക്കാട് - ചിറ്റാരിക്കാൽ റൂട്ടുകളിൽ സർവീസ് നടത്താത ബസുകളെ പ്രദേശത്തെ ഡിവൈഎഫ്ഐ, എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. മഴ പെയ്തതോടെ കഴിഞ്ഞ കുറേ കാലമായി ഈ റൂട്ടിൽ കാൽനട യാത്ര പോലും സാധ്യമല്ലാത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. നിരവധി ഇരുചക്രവാഹനങ്ങൾ ചെളിയിൽ തെന്നി വീണ് അപകടം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധ സൂചകമായി നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെട്ട വാഹനങ്ങളെ തടഞ്ഞുവച്ചിരുന്നു. പിന്നീട് സി.പി.ഐ.എം നേതാക്കൾ റോഡ് പ്രവർത്തി ഏറ്റെടുത്തു നടത്തുന്ന കമ്പനി അധികൃതരുമായി ചർച്ച നടത്തുകയും റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് ഉറപ്പ് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ റോഡിൽ ജി.എസ്.എം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. കുറച്ച് കാലങ്ങളായി ബസ് സർവീസ് നിർത്തിവച്ചതിനാൽ ഭീമനടി നർക്കിലക്കാട്  ചിറ്റാരിക്കാൽ പ്രദേശത്തെ സാധാരണ ജനങ്ങൾ വാഹന സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടിലായിരുന്നു. കൂടാതെ വരക്കാട് സ്ക്കൂൾ, എളേരിത്തട്ട് കോളേജ്, ആശുപത്രി എന്നിവടങ്ങളിലേക്ക് എത്തിച്ചേരേണ്ടവരുടെ യാത്രാദുരിതം കൂടി തിരിച്ചറിഞ്ഞാണ് ഡിവൈഎഫ്ഐ, എസ്.എഫ്.ഐ പ്രവർത്തകർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയത്.

നാളെ മുതൽ ആ റൂട്ടിൽ ബസ് സർവീസ് നടത്തിയില്ലെങ്കിൽ ബസുകളെ തടഞ്ഞു കൊണ്ട് ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും യുവജന-വിദ്യാർത്ഥി സംഘടന നേതാക്കൾ ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.

No comments