Breaking News

ഇന്റലിജൻസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ




ചെറുവത്തൂർ: ഗുജറാത്തിലെ കോടികളുടെ മയക്കുമരുന്ന് കേസ്സിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ കസ്റ്റഡിയിൽ നിന്നും ചോദ്യം ചെയ്യുമ്പോൾ രക്ഷപ്പെട്ട ഉപ്പള സ്വദേശിയെ ചെറുവത്തൂരിൽ നിന്നും ചന്തേര പോലീസ് പിടികൂടി. ഇന്നലെ വൈകീട്ട് കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടയിൽ മൂത്രമൊഴിക്കാൻ എന്ന വ്യാജേന മുറിക്കുള്ളിൽ നിന്നും രക്ഷപ്പെട്ട ഉപ്പള സ്വദേശിയെയാണ് ഇന്ന് പുലർച്ചെ 1.30 ഓടെ ചന്തേര പോലീസ് രാത്രി പട്രോളിംഗിനിടെ ഏഎസ്ഐ, കെ. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ജെ. കെ. ബാറിന് സമീപത്തെ ദേശീയപാതയിൽ സംശയകരമായി കണ്ട ഓട്ടോറിക്ഷയിൽ കോടികളുടെ മയക്കുമരുന്ന് കേസ് പ്രതിയായ ഉപ്പള സ്വദേശി ഷെയ്ഖ് മുഹമ്മദിന്റെ മകൻ മുഹമ്മദ് ആദിലിനെ 30 യാണ് പിടികൂടിയത്. ഇന്നലെ രാത്രിയോടെ കണ്ണൂർ, കാസർകോട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവി പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട വിവരം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണൻ ചന്തേര ഐപി, പി. നാരായണന് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിലുണ്ടായ കെ. ലക്ഷ്മണന് നിർദ്ദേശം നൽകുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നും വാടകയ്ക്ക് വിളിച്ചുവന്ന ഓട്ടോറിക്ഷ ദേശീയപാതയിൽ സംശയകരമായി കാണപ്പെട്ടതോടെയാണ് ഓടി രക്ഷപ്പെട്ട പ്രതി പിടിക്കപ്പെട്ടത്. ഏഎസ്ഐയ്ക്ക് പുറമെ ഹോംഗാർഡ് പത്മനാഭൻ, പോലീസ് ഡ്രൈവർ കൊടക്കാട് സ്വദേശി സുമേഷും മുഹമ്മദ് ആദിലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

No comments