Breaking News

ഐടി ജോലി ഉപേക്ഷിച്ച് കഴുത വളർത്താനിറങ്ങി യുവാവ്; 42 ലക്ഷം രൂപ മുതൽമുടക്കിൽ കഴുത ഫാം


വേറിട്ട് ചിന്തിക്കുകയും വ്യത്യസ്തങ്ങളായ സംരംഭങ്ങൾ തുടങ്ങുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് നമ്മുടെ ഇടയിൽ. ചില സംരംഭങ്ങൾ വലിയ വിജയമാകുമ്പോൾ മറ്റ് ചിലത് അമ്പേ പരാജയപ്പെടും. ഇത്തരത്തിൽ അധികം ആളുകൾ പരീക്ഷിക്കാത്ത ഒരു മേഖലയിൽ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് മംഗളൂരു സ്വദേശിയായ ശ്രീനിവാസ ഗൗഡ എന്ന യുവാവ്. ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കഴുത ഫാം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം.


2000 മുതൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ശ്രീനിവാസ ഗൗഡ. കഴുതകളുടെ എണ്ണം കുറയുന്നതാണ് ഫാം എന്ന ആശയത്തിലേക്ക് നയിച്ചത്. തുടക്കത്തിൽ കഴുത ഫാം ആരംഭിക്കുന്നതിനോട് പലർക്കും യോജിപ്പില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. 42 ലക്ഷം രൂപ മുതൽമുടക്കിൽ ആരംഭിച്ച ഗൗഡയുടെ ഫാമിൽ 20 കഴുതകളാണ് ഇപ്പോഴുള്ളത്.


കഴുതപ്പാൽ വിൽപനയ്ക്ക് പുതിയ വിപണിസാധ്യതകൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കഴതപ്പാലിന് നിരവധി ഗുണങ്ങളുണ്ടെന്നും പാൽ എല്ലാവരിലേക്കും എത്തിക്കുകയാണ് തൻറെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴുതപ്പാൽ പാക്കറ്റുകളായാണ് പുറത്തിറക്കുന്നത്. 30 മില്ലിയുടെ ഒരു പാക്കറ്റിന് 150 രൂപയാണ് ഈടാക്കുക. പാൽ പാക്കറ്റുകൾ മാളുകളിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാക്കുമെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു.

No comments