Breaking News

ജില്ലയിലെ 2182 കുട്ടികളിലേക്ക് സ്നേഹപാഠമെത്തിച്ച് ബ്ലഡ് ഡൊണേഴ്സ് കേരള കാസർഗോഡ്


കാസർകോട്: ഇത്തവണ കാസർഗോഡ് ജില്ലയിലെ 2182 കുട്ടികളിലേക്ക് ബി ഡി കെ സ്നേഹ പാഠമെത്തി. നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്കായി പഠനോപകരണങ്ങൾ എത്തിക്കുന്നതിനായി ബ്ലഡ് ഡോണേർസ് കേരള നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്നേഹപാഠം.

പ്രീ-പ്രൈമറി മുതൽ മുകളിലോട്ടുള്ള എല്ലാ കുട്ടികൾക്കും കിറ്റ് നൽകുന്നുണ്ട്.

ക്രയോൺസ്, പെൻസിൽ , പെൻ, കട്ടർ, റബ്ബർ, ഇൻസ്ട്രുമെന്റ് ബോക്സ്, ഓരോ ക്ലാസ്സുകളിലേക്കും ആവശ്യമായ നോട്ട്ബുക്കുകൾ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് സ്നേഹപാഠം കിറ്റുകൾ. എട്ടാം ക്ലാസ് മുതൽ മുകളിലോട്ടുള്ള പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകളും അടങ്ങിയ കിറ്റുളാണ് നൽകുന്നത്.


 അപേക്ഷ ക്ഷണിച്ച് അതതിടങ്ങളിലെ  ബി ഡി കെ കോ-ഓർഡിനേറ്റർമാർ കൃത്യമായ അന്വേഷണം നടത്തിയാണ് ആർഹരായ കുട്ടികളെ തെരഞ്ഞെടുക്കുന്നത്.

സ്നേഹപാഠം കോ ഓർഡിനേറ്റർമാർ അർഹരായവരുടെ വീടുകളിലേക്ക് കിറ്റുകൾ നേരിട്ടാണ് എത്തിക്കുക.


 കിറ്റുകൾ ഏറ്റുവാങ്ങുന്ന കുട്ടികളുടെ ഫോട്ടോ എടുക്കുകയോ പൊതുപരിപാടികളിൽ വെച്ച് നൽകുകയോ ചെയ്യുന്നില്ല എന്നത് ബി ഡി കെ സ്നേഹപാഠത്തിന്റെ പ്രത്യേകതയാണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി സ്നേഹപാഠം പദ്ധതിയിലൂടെ സ്കൂൾ കിറ്റുകൾ നൽകി വരുന്നുണ്ട്.

സംസ്ഥാന തലത്തിൽ മിക്ക ജില്ലകളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

2021 ൽ 1800 ഓളം കുട്ടികൾക്കാണ് കാസർഗോഡ് ജില്ലയിൽ കിറ്റുകൾ എത്തിച്ചു നൽകിയത്.

2022 ൽ 2022 കുട്ടികൾക്ക് എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും അപേക്ഷകളുടെ ബാഹുല്യം കാരണം 2182 കുട്ടികൾക്ക് കിറ്റുകൾ നൽകേണ്ടി വന്നു.


പത്ത് ലക്ഷത്തോളം രൂപ മതിപ്പ് വിലയാണ് ഇത്രയും കിറ്റുകൾക്ക് കണക്കാക്കുന്നത്.

ബി ഡി കെ കോ-ഓർഡിനേറ്റർ മുഖേന പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് സ്നേഹ പാഠത്തിനുള്ള തുക കണ്ടെത്തുന്നത്.

പണം കൂടാതെ വിവിധ പഠനോപകരണങ്ങളും സംഭാവനയായി ലഭിച്ചു വരുന്നുണ്ട്.

ഒരു കുട്ടിയുടെ കിറ്റിന് 500 മുതൽ 1000 രൂപ വരെയാണ് ചെലവ് വരുന്നത്. ക്ലാസ്സുകൾക്കനുസരിച്ച് തുകയിൽ വ്യത്യാസം വരും.


രോഹിത് സികെ പ്രധാന കോ-ഓർഡിനേറ്ററായും ശ്രീജിത് നന്മ, ധനീഷ് ബിരിക്കുളം, ശ്രീലക്ഷ്മി എന്നിവർ കോ-ഓർഡിനേറ്ററുമായുള്ള കമ്മിറ്റിയാണ് സ്നേഹപാഠം - 2022 ന് നേതൃത്വം നൽകിയത്.

ബി ഡി കെ സംസ്ഥാന രക്ഷാധികാരി വേണുഗോപാലൻ, സംസ്ഥാന സെക്രട്ടറി സനൽ ലാൽ എന്നിവർ മേൽനോട്ടം വഹിച്ചു.

No comments