Breaking News

കാസർഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ 
 വിജിലൻസ്‌ പരിശോധന


കാസർകോട്‌ : കാസർകോട്‌ അഗ്രി ഹോർട്ടി സൊസൈറ്റിയിൽ അംഗത്വം ചേർത്തതുമായി ബന്ധപ്പെട്ട പരാതിയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ വിജിലൻസ് പരിശോധന.
കൃഷി ഓഫീസുകൾ മുഖേന കർഷകരിൽ നിന്ന്‌ 500, 1500, 2000 രൂപ വീതം പിരിച്ചെടുത്ത്‌ ചെലവഴിച്ചതിന്‌ കണക്കുകൾ സൂക്ഷിച്ചില്ലെന്നായിരുന്നു പരാതി. 2019 ഡിസംബർ അവസാനം ബേക്കലിൽ നടത്തിയ പുഷ്പ ഫല പ്രദർശം സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു. പ്രദർശനം കുറ്റമറ്റരീതിയിൽ നടത്താൻ കഴിയാത്തതിനാൽ സാമ്പത്തിക ബാധ്യത വന്നു. കർഷകരിൽ നിന്ന്‌ സൊസൈറ്റിയുടെ പേരിൽ പണം പിരിച്ചെടുത്ത് കടംവീട്ടി. ജില്ലയിലെ 42 കൃഷി ഓഫിസർമാർ മുഖേന പിരിച്ചെടുത്ത പണത്തിന്റെ രസീതും രജിസ്‌റ്ററും സൂക്ഷിക്കാതെ വൻക്രമക്കേട്‌ നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രവർത്തനം നിയമാവലി പ്രകാരമല്ലെന്ന്‌ വ്യക്തമായിട്ടുണ്ട്‌.
വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയരക്ടർക്ക് നൽകുമെന്ന്‌ ഡിവൈഎസ്‌പി കെ വി വേണുഗോപാൽ പറഞ്ഞു. പരിശോധന സംഘത്തിൽ സംസ്ഥാന ഓഡിറ്റ്‌ വിഭാഗം ഓഫീസർ സി വിനോദ് കുമാർ, എഎസ്‌ഐ വി ടി സുഭാഷ് ചന്ദ്രൻ, സീനീയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ പി കെ രഞ്ജിത്കുമാർ, കെ രാജീവൻ, വി എം പ്രദീപൻ എന്നിവരുമുണ്ടായിരുന്നു.


No comments