Breaking News

കുടിവെള്ള ക്ഷാമം: കുന്നുംകൈയിൽ ചെക്ക്ഡാമിനുള്ള ആവശ്യം ശക്തമാകുന്നു നാട്ടുകാർ യോഗം ചേർന്നു


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ രണ്ട്, പതിനഞ്ച് വാര്‍ഡുകളെ ബന്ധിപ്പിച്ചുകൊണ്ട്  ചൈത്രവാഹിനിക്ക് കുറുകെ കുന്നുംകൈ കിണര്‍ മുതല്‍ കുന്നുംകൈ ഈസ്റ്റിലെ പി എച്ച് സി കേന്ദ്രത്തിനു സമീപത്തായിയുള്ള ചെക്ക് ഡാമിനായിള്ള  ആവശ്യം ശക്തമാകുന്നു.വേനല്‍ കാലത്ത് പ്രദേശത്തെ രൂക്ഷമായ കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് ചെക്കുഡാം നിർമ്മിക്കണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടു വെക്കുന്നത്. ചെക്ക് ഡാമിനൊപ്പം നടന്നു പോകാനുള്ള സൗകര്യവും പുഴക്കരികില്‍ പാര്‍ശ്വഭിത്തി നിര്‍മ്മാണവും  കൂടി ഉള്‍പ്പെടുത്തി വേണം നിര്‍മ്മിക്കണമെന്ന ആവശ്യവും ഇവർ പറയുന്നു. ഈ ഭാഗങ്ങളിലെ  അഞ്ഞൂറോളം കുടുംബങ്ങള്‍ നിലവില്‍  വിവിധ ആവശ്യങ്ങള്‍ക്കായി കിലോമീറ്റര്‍ ചുറ്റിയാണ്‌ ഇപ്പോള്‍  സഞ്ചരിക്കുന്നത്. ഭീമനടി വെള്ളരിക്കുണ്ട് നിലേശ്വരം എന്നിവിടങ്ങളില്‍ സഞ്ചരിക്കേണ്ടവര്‍ കുന്നുംകൈ പാലം വഴി വാഹനങ്ങളിലും മറ്റുമായി അധികം ദൂരം താണ്ടി  വേണം  ലക്ഷ്യ സ്ഥാനത്തേക്കെത്താന്‍. നഴ്സറി സ്‌കൂൾ, അങ്കണവാടി, വരക്കാട്  ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഭീമനടി വനിതാ ഐ ടി ഐ, കുന്നുംകൈ യു പി, എല്‍ പി സ്കൂള്‍ എന്നിവിടങ്ങളിലായി നൂറുക്കണക്കിനു വിദ്യാര്‍ഥികളും ജനങ്ങളും ഇത് കാരണം ദുരിതമനുഭവിക്കുന്നു. വേനൽ കാലം വരുമ്പോൾ  ആറിലക്കണ്ടം, വാഴപ്പള്ളി, താലോലപ്പൊയില്‍, കുന്നുംകൈ, പാങ്കയം ഭാഗങ്ങളിലെ ജനങ്ങള്‍  കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. ഈ ഭാഗങ്ങളിലുള്ള  കിണറുകളില്‍ ആവശ്യത്തിനു വെള്ളം കിട്ടാറില്ല.നിലവില്‍ മാങ്ങോട് നിന്നുള്ള പൈപ്പ് ലൈന്‍ വെള്ളമാണ്  ഉപയോഗിക്കുന്നത്. ഇതാകട്ടെ ആഴ്ചയില്‍ രണ്ടു തവണ മാത്രമാണ് വെള്ളം ലഭ്യമാകുന്നത്. ഈ ഭാഗത്ത്  കരയിടിച്ചിലും വ്യാപകമാണ്. കരയിടിഞ്ഞു പുഴയുടെ  വീതി കൂടി മുക്കട ഭീമനടി റോഡിലും എടുത്തിലവളപ്പ് മാങ്ങോട് റോഡിനും ഭീഷണിയായി മാറുകയാണ്. ഇപ്പോൾ പുഴ പുനരുജ്ജീവന പദ്ധതിയിലൂടെ പുഴകളിൽ നിന്ന് മണ്ണെടുത്ത് മാറ്റുന്നുണ്ടെങ്കിലും പുഴയ്ക്കു  അത് വലിയ ഭീഷണിയായി വരുമെന്നാണ് നാട്ടുകാർ പറയുന്നത്. ചെക്ക് ഡാം  വരുന്നതോടുകൂടി ഈ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക്‌ വളരെയേറെ പ്രയോജനം ലഭിക്കുന്നതിനാല്‍ ഇതിനായി നാട്ടുകാര്‍ കഴിഞ്ഞ ദിവസം യോഗം ചേർന്നു. വാർഡ് മെമ്പർ എൻ മുഹമ്മദ് ശരീഫ് യോഗം ഉദ്ഘാടനം ചെയ്തു. മെമ്പർ ടി വി രാജീവൻ അധ്യക്ഷനായി. പി കെ അബൂബക്കർ, ജാതിയിൽ ഹസൈനാർ, എ ദുൽകിഫിലി, പി കെ ബഷീർ, എ സി അബ്ദുൽ ഖാദർ, പി പി ജബ്ബാർ, എ ജി അബ്ദുൽ സലാം, ജാഫർ സാദിഖ് എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: എ ദുൽകിഫിലി( ചെയർമാൻ), പി കെ ബഷീർ (കൺവീനർ), പി കെ അബൂബക്കർ( ട്രഷറർ).

No comments