Breaking News

മാങ്ങോട് ലാറ്റക്സ് ഫാക്ടറിയിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്


ചിറ്റാരിക്കാൽ: റബർ മാർക്കറ്റിംഗ് സൊസൈറ്റി പിരിച്ചുവിട്ട കരാർ തൊഴിലാളി പി.ജി ജോൺസണെ തിരിച്ചെടുക്കാനും പിടിച്ചുവച്ച കൂലി അടിയന്തരമായി നൽകാനും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഉത്തരവിട്ടു. ജില്ലാ റബർ മാർക്കറ്റിങ് സൊസൈറ്റിയുടെ കീഴിലുള്ള മാങ്ങോട് ലാറ്റക്സ് ഫാക്ടറിയിൽ ജോലിചെയ്യുന്ന പെരിയങ്ങാനം സ്വദേശി ജോൺസനെ പ്രസിഡന്റ് അകാരണമായി പിരിച്ചുവിട്ടിരുന്നു. 

ഫാക്ടറിയിൽ15 വർഷത്തിലധികമായി റബർ ക്രീപ്പ് വർക്ക് ജോലിചെയ്യുകയായിരുന്നു ജോൺസൺ. ക്രീപ്പ് ലോഡ് കയറ്റി അയയ്‌ക്കുന്നതിൽ കൃത്രിമം കാണിക്കുന്നത് ബോർഡ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് ജോലിയിൽനിന്ന് പിരിച്ചുവിടാൻ കാരണമെന്ന് ജോൺസൺ സഹകരണ സംഘം രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. 

ലാറ്റക്സ് ഫാക്ടറിയിൽ വർഷങ്ങളായി പണിയെടുക്കുന്ന മറ്റ് പലരേയുംപോലെ ജോൺസണും കരാർ തൊഴിലാളിയായാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. 40000 രൂപ ജോലിചെയ്ത കുടിശികയും കിട്ടാനുണ്ട്‌. പരാതിയെ തുടർന്ന് അസിസ്റ്റന്റ് രജിസ്ട്രാർക്ക് അന്വേഷണചുമതല നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി  തെളിവെടുത്തതിന്റെ അടിസ്ഥാനത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതായി അസിസ്റ്റന്റ് രജിസ്ട്രാർ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്‌. സഹകരണസംഘങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ നടത്തുന്നവയാണെന്നും ന്യായമായ കൂലിയും മാന്യമായ തൊഴിൽ സാധ്യതയും ഒരുക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. 

ജില്ലാ റബർ മാർക്കറ്റിങ്  സൊസൈറ്റിയിൽ സഹകരണ സ്ഥാപനത്തിന് യോജിക്കാത്ത പ്രതികാര നടപടിയാണ് നടന്നതെന്നും ഇതിനെ ഗൗരവമായി കാണുന്നുവെന്നും ഉത്തരവിലുണ്ട്‌.  കുടിശിക തീർത്ത് നൽകി നേരത്തെ ചെയ്തിരുന്ന ജോലിയിൽ അടിയന്തരമായി പ്രവേശിപ്പിക്കണമെന്നാണ്‌ ഉത്തരവ്‌.  

ജോലിയിൽനിന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ജൂൺ രണ്ടിന് ജോൺസൺ  ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം ചിറ്റാരിക്കാൽ റബർ മാർക്കറ്റിങ് സൊസൈറ്റി ഓഫീസിന് മുന്നിൽ സത്യഗ്രഹ സമരം നടത്തിയിരുന്നു.15 വർഷമായി ഇവിടെ തൊഴിലെടുത്താണ്  കുടുംബം പോറ്റുന്നത്. മൂന്ന് പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ  ഏകാശ്രയമായ ജോലിയിൽ തിരികെയെടുക്കാതെ പിന്നോട്ടില്ലെന്ന് ജോൺസൺ പറഞ്ഞിരുന്നു.

No comments