Breaking News

മരണം വാപിളർത്തി പറക്കളായിലെ ചെങ്കൽപ്പണകൾ രണ്ട് ജീവനുകൾ പൊലിഞ്ഞിട്ടും സുരക്ഷയൊരുക്കാതെ അധികൃതർ


പറക്കളായി: മണ്ണിട്ട് നികത്താതെ മരണം പതിയിരിക്കുന്ന ചെങ്കൽപ്പണകൾ ഒരു നാടിൻ്റെ ശാപമായി മാറുന്നു. പറക്കളായി ഗ്രാമത്തെ മുഴുവനായി കാർന്ന് തിന്നുന്ന ചെങ്കൽപ്പണകളിലെ ഖനനം വരുത്തി വെക്കുന്ന പാരസ്ഥിതിക ആഘാതങ്ങൾക്കൊപ്പം അപകടങ്ങൾ കൂടി പതിയിരിക്കുകയാണ്. ചെങ്കൽ ഖനനം ചെയ്തതിന് ശേഷം പണകൾ മണ്ണിട്ട് നികത്താതെ പോകുന്നത് മൂലം മഴക്കാലത്ത് വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെടുന്നത്. കൂടാതെ പണയുടെ അടിഭാഗത്ത് വലിയ രീതിയിൽ ചെളിയും കെട്ടിക്കിടക്കുന്നു. ഗതാഗത സൗകര്യം വേണ്ടത്ര ലഭ്യമല്ലാത്തത് മൂലം നിരവധി വിദ്യാർത്ഥികളാണ് ജീവഭയത്തോടെ ഇതുവഴി കാൽനടയായി വിദ്യാലയത്തിലേക്ക് പോകുന്നത്.  ഇരുപതിലധികം ചെങ്കൽപ്പണകൾ നിത്യേന പ്രവർത്തിക്കുന്നു. ആഴമേറിയ ചെങ്കൽപണകൾക്ക് ചുറ്റും യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ജീവഹാനി സംഭവിക്കാൻ സാധ്യത കൂടുതലാണ്.

കഴിഞ്ഞ ദിവസം മുളവന്നൂർ സ്വദേശിയും പ്രവാസിയുമായ പ്രകാശൻ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ വീണ് മരണപ്പെട്ടതോടെ നാട് വീണ്ടും ആശങ്കയുടെ മുൾമുനയിലാണ്. ഇതിനു മുൻപും വെള്ളക്കെട്ടിൽ വീണുള്ള മരണം സംഭവിച്ചിട്ടുണ്ട്. മണ്ടേങ്ങാനം സ്വദേശി കുമാരനാണ് അന്ന് മരണപ്പെട്ടത്. മരണത്തിൻ്റെ വാ പിളർത്തി നിൽക്കുന്ന ചെങ്കൽപ്പണകൾ മണ്ണിട്ട് നികത്തുകയോ സുരക്ഷാവേലി സ്ഥാപിക്കുകയോ ചെയ്യാൻ ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments