Breaking News

അമരാവതി കൊലപാതകം ഐഎസ് മോഡലെന്ന് എൻഐഎ; അന്വേഷണം തുടങ്ങി




മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍ഐഎ എഫ്ഐആർ ഇട്ട് അന്വേഷണം തുടങ്ങി. ഐഎസ് മോഡൽ കൊലപാതകമാണ് ഇതെന്ന് എന്‍ഐഎ പറയുന്നു. യുഎപിഎ, കലാപ ശ്രമം, കൊലപാതകം, ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

രാജസ്ഥാനിലെ ഉദയ്പൂർ സംഭവത്തിന് ഒരാഴ്ച മുമ്പ് ജൂൺ 21നാണ് 54 കാരനായ കെമിസ്റ്റ് ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയുടെ കൊലപാതകം നടന്നത്. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയത്. കെമിസ്റ്റ് കൊല്ലപ്പെട്ടത്, പ്രവാചകനെക്കുറിച്ച് വിവാദ പരാമർശമുന്നയിച്ച ബിജെപി മുൻ വക്താവ് നൂപൂർ ശർമ്മയെ പിന്തുണച്ച് അബദ്ധത്തിൽ വാട്സ് ആപ്പിൽ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിലാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.

കെമിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ അമരാവതി സ്വദേശികളായ മുദ്ദ്‌സിർ അഹമ്മദ് (22), ഷാരൂഖ് പത്താൻ (25), അബ്ദുൾ തൗഫീക്ക് (24) ഷോയിബ് ഖാൻ (22), അതിബ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയും എൻജിഒ നടത്തിപ്പുകാരനുമായ ഇർഫാൻ ഖാനെ (32) കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് അമരാവതി പൊലീസ് കമ്മീഷണർ ഡോ. ആരതി സിംഗ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അമരാവതി നഗരത്തിൽ ഒരു മെഡിക്കൽ സ്റ്റോർ നടത്തുകയാണ് ഉമേഷ്. നൂപൂർ ശർമ്മയെ പിന്തുണച്ച് ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരു പോസ്റ്റ് ഇദ്ദേഹം ഷെയർ ചെയ്തതായി ആരോപണമുയർന്നിരുന്നു. തന്റെ കസ്റ്റമേഴ്‌സ് ഉൾപ്പെടെ അംഗങ്ങളായ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തെന്ന് പൊലീസ് പറഞ്ഞു. നൂപുർ ശർമയെ പിന്തുണച്ചതിന് ഉമേഷിനെ വധിക്കാൻ ഇർഫാൻ ഖാൻ ഗൂഢാലോചന നടത്തുകയും അതിനായി അഞ്ച് പേരെ ചുമതലപ്പെടുത്തുകയും ചെയ്തു. 10,000 രൂപ നൽകാമെന്ന് പറഞ്ഞാണ് കൊലയാളികളെ ഏർപ്പാടാക്കിയത്.

ജൂൺ 21ന്, കടയടച്ച് ഇരുചക്രവാഹനത്തിൽ ഉമേഷ് വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഈ സമയം മറ്റൊരു വാഹനത്തിൽ മകൻ സങ്കേതും (27) ഭാര്യ വൈഷ്ണവിയും ഉമേഷിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം മഹിളാ കോളേജിന്റെ ഗേറ്റിന് സമീപം എത്തിയപ്പോൾ രണ്ട് മോട്ടോർ സൈക്കിളിൽ എത്തിയവർ ഉമേഷിന്റെ വഴി തടയുകയും ഒരാൾ ബൈക്കിൽ നിന്നിറങ്ങി ഇയാളുടെ കഴുത്തിൽ കുത്തുകയും രക്ഷപ്പെടുകയും ചെയ്തു. വഴിയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന ഇയാളെ മകൻ സങ്കേത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസ് പിടിച്ചെടുത്തു. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

No comments