Breaking News

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലേർട്ട് ശക്തമായ മഴയെ തുടർന്ന് ,കാസർ​ഗോഡ് കണ്ണൂർ ജില്ലകളിലും ദേവിക്കുളം താലൂക്കിലും ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് വ്യാപകമായ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ചിട്ടുള്ളത്.

ശക്തമായ മഴയെ തുടർന്ന് കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലും ദേവിക്കുളം താലൂക്കിലും ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. രണ്ടു ജില്ലകളിലേയും പ്രൊഫഷനൽ കോളേജുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവക്കും അവധി പ്രഖ്യാപിച്ചു. കാസർ​ഗോഡ് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ സ്വാ​ഗത് ഭണ്ഡാരി അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

വടക്കന്‍ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസര്‍ഗോഡ്), കരവന്നൂര്‍ (തൃശൂര്‍), ഗായത്രി (തൃശൂര്‍) എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), നെയ്യാര്‍ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (ഇടുക്കി), മീനച്ചില്‍ (കോട്ടയം), കോതമംഗലം (എറണാകുളം) എന്നിവിടങ്ങളിലെ നദികളിലെയും ജലനിരപ്പ് ഉയരുന്നുണ്ട്.

No comments