Breaking News

ഇരിയയിൽ ജ്വല്ലറി ഉടമയെ അപകടപ്പെടുത്തി പണം തട്ടാൻ ശ്രമം: പ്രതികൾ അറസ്റ്റിലായി


ഇരിയ :  ചുള്ളിക്കരയിലെ ജ്വല്ലറി അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമയെ ഓമ്നി വാനിൽ എത്തിയ മൂന്നംഗസംഘം ഇടിച്ചു തെറിപ്പിച്ച ശേഷം ഒന്നര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. ബേക്കൽ സ്വദേശികളായ അബ്ദുൾ കലാം (54) സത്താർ (45) എന്നിവരെയാണ് അമ്പലത്തറ പോലീസ് പിടികൂടിയത്. ഇനിയും മൂന്ന്  പ്രതികളെ കൂടി പിടികൂടാനുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 24 മണിക്കൂറിനകം പ്രതികളെ പിടികൂടിയത് അമ്പലത്തറ പോലീസിൻ്റെ മികവ് തന്നെയാണ്. ബേക്കൽ ഡി.വൈ. എസ്. പി. യുടെ നിർദ്ദേശപ്രകാരം അമ്പലത്തറ സി. ഐ. രജ്ഞിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. ഇരിയയ്ക്ക് സമീപത്ത്  വച്ച് കർണാടക രജിസ്ട്രേഷനിലുള്ളഓമ്നി വാൻ കൊണ്ട് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചുള്ളിക്കരയിലെ  പവിത്ര ഗോൾഡ് ഉടമയും ഇരിയ ബംഗ്ലാവ് സ്വദേശിയുമായ ബാലചന്ദ്രനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാജപുരം ഭാഗത്തു നിന്നും വരികയായിരുന്ന പോലീസ് വാഹനം കണ്ടപ്പോൾ ,

പണം തട്ടിയെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു.പോലീസ് പിന്തുടരുന്നത് അറിഞ്ഞ അക്രമിസംഘം വാഹനം  അമ്പലത്തറ പേരൂരിൽ  ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.  രാത്രി ഏറെ വൈകിയതിനാൽ പുറം കാടുകളിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഉൾ കാടുകളിലേക്ക് കയറാനായില്ല. അക്രമി സംഘത്തിന്റെ വാഹനം അമ്പലത്തറ പോലീസ് കസ്റ്റഡിയിലാണ് പരിക്കേറ്റ ബാലചന്ദ്രൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു



No comments