അത്യാഹിത വിഭാഗവും ജനറൽ ഒ.പിയും ഒരേ വഴിയിൽ പൂടംകല്ല് താലൂക്കാശുപത്രിയിലെ ദുരിതക്കാഴ്ച്ച
രാജപുരം: മലയോരത്തെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പൂടംകല്ല് താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗവും ജനറൽ ഒ.പിയും പ്രവർത്തിക്കുന്നത് ഒരേ ബ്ലോക്കിലാണ്. ജനറൽ ഒ. പി.യിൽ വരി നിൽക്കുന്ന രോഗികളുടെ ഇടയിലൂടെ വേണം അപകടങ്ങളിൽ പരിക്കേറ്റവരേയും അത്യാസന്ന നിലയിലുള്ളവരേയും അത്യാഹിത വിഭാഗത്തിലെത്തിക്കാൻ. മൃതദേഹങ്ങൾ പോലും പുറത്തെത്തിക്കുന്നത് കുട്ടികൾ അടക്കമുള്ള രോഗികൾ വരി നിൽക്കുന്നതിനിടയിലൂടെയാണ്. ഇത് കുട്ടികളിലും മറ്റ് രോഗികളിലും വലിയ മാനസികാഘാതമാണ് സൃഷ്ടിക്കുന്നത്. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾ കൂടിയതിനാൽ ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിലേക്കെത്തുന്നത്. ആശുപത്രിയിലെ ലാബ് സൗകര്യം ഉച്ചവരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇതും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കെട്ടിട നിർമ്മാണത്തിലെ അപാകതയാണ് ഈ അവസ്ഥയുണ്ടാക്കിയത് എന്നും അഭിപ്രായമുണ്ട്.
No comments