Breaking News

വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ സ്ഥാപനത്തിൻ്റെ പൂട്ട് പൊളിച്ച് മോഷണശ്രമം മുഴുവൻ അരിച്ചു പെറുക്കി കിട്ടിയത് 130 രൂപ, പണം തിരികെ വച്ച് കള്ളൻ


വെള്ളരിക്കുണ്ട്: (www.malayoramflash.com) കാര്യമായ പ്രതീക്ഷയോടെ കടയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന കള്ളനെ തോൽപ്പിച്ച് കടയുടമ. മൊത്തം അരിച്ചുപെറുക്കിയിട്ടും കള്ളന് കയ്യിൽ കിട്ടിയത് വെറും 130 രൂപ! നിരാശനായ മോഷ്ടാവ് ആ പണം അവിടെത്തന്നെ ഉപേക്ഷിച്ച് തൻ്റെ പ്രതിഷേധം അറിയിച്ചു.


വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പാലാ കോൺക്രീറ്റ് എന്ന സ്ഥാപനത്തിൻ്റെ ഓഫീസിലാണ് രാത്രിയുടെ മറവിൽ മോഷ്ടാവ് പൂട്ട് പൊളിച്ച് അകത്ത് കയറിയത്. നല്ല മഴയായതിനാൽ ആരും പുറത്തിറങ്ങാത്തതും കള്ളന് അനുഗ്രഹമായി, പക്ഷെ പ്രതീക്ഷകൾ എല്ലാം തകിടം മറിഞ്ഞു.. ഷെൽഫും, മേശവലിപ്പും മൊത്തം വാരിവലിച്ചിട്ട് നോക്കിയിട്ടും കള്ളന് ആകെ കിട്ടിയത് 130 രൂപ മാത്രം! കള്ളന് പക്ഷെ അതെടുക്കാനുള്ള മനസു വന്നില്ല, ആ പണം അവിടെത്തന്നെ വച്ച് മൂപ്പര് സ്ഥലം വിട്ടു. 

രാവിലെ സ്ഥാപനം തുറക്കാനെത്തിയ രാജീവൻ എന്ന തൊഴിലാളിയാണ് പൂട്ട് തകർത്തു കിടക്കുന്നത് കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പണമോ മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മഴക്കാലത്ത് അവസരം മുതലെടുത്ത് മോഷ്ടാക്കൾ ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാപാരികളും ജനങ്ങളും ജാഗ്രത പാലിക്കുവാൻ നിർദ്ദേശമുണ്ട്. അസമയത്ത് ദുരൂഹ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ അപരിചിതരെ കണ്ടാൽ പോലീസിൽ വിവരം അറിയിക്കണം. (മലയോരംഫ്ലാഷ്)

No comments