കൈകളുടെ മരവിപ്പിൽ നിന്ന് സംസ്ഥാന ചാമ്പ്യനിലേക്ക്; പവർലിഫ്റ്റിംഗിൽ സ്വർണം നേടി ഭീമനടി സ്വദേശിനി ലീന മോഹൻ
വെള്ളരിക്കുണ്ട് : ഒരുകാലത്ത് കൈകളിലെ മരവിപ്പ് കാരണം ദൈനംദിന ജോലികൾ പോലും ചെയ്യാൻ പ്രയാസപ്പെട്ടിരുന്ന വീട്ടമ്മ ഇന്ന് സംസ്ഥാന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി നാടിന്റെ അഭിമാനമായി. ഭീമനടി കുറുഞ്ചേരി സ്വദേശിനിയായ പ്രസന്ന കുമാരിയുടെയും ബാലചന്ദ്രൻ നായരുടെയും മകളായ ലീന മോഹൻ ആണ് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശ്രദ്ധേയ മാതൃകയായിരിക്കുന്നത്.
വർഷങ്ങൾക്കുമുമ്പ് കൈകൾക്ക് അനുഭവപ്പെട്ട മരവിപ്പ് കാരണം സാധാരണ ജീവിതം പോലും ദുഷ്കരമായിരുന്നു. ചികിത്സയ്ക്കൊപ്പം ശാരീരികക്ഷമത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ വെള്ളരിക്കുണ്ടിലെ ജിമ്മിൽ പരിശീലനത്തിനായി എത്തിയ ലീന, ജിം ട്രെയിനർ ഷിജുവിന്റെ കഠിന പരിശീലനത്തിലൂടെ കൈകളുടെ സ്വാധീനശേഷി ക്രമേണ തിരിച്ചുപിടിച്ചു.
അതോടെയാണ് ജീവിതം പുതിയ വഴിത്തിരിവിലേക്ക് കടന്നത്. ജിമ്മിൽ പരിശീലനം നടത്തുന്ന മറ്റൊരു യുവതിയുടെ പവർലിഫ്റ്റിംഗ് പരിശീലനം കണ്ട ലീനയ്ക്ക് ആ കായിക ഇനത്തോട് താൽപര്യം തോന്നി. തുടർന്ന് പവർലിഫ്റ്റിംഗ് പരിശീലനം ആരംഭിച്ച ലീന, വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച നേട്ടങ്ങൾ കൈവരിച്ചു.
ഭർത്താവും രണ്ട് മക്കളുമുള്ള ലീന മോഹൻ, തിരുവനന്തപുരം വേദിയായ ഓൾ കേരള ക്ലാസിക് മെൻ ആൻഡ് വുമൺ സംസ്ഥാന സീനിയർ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണമെഡൽ സ്വന്തമാക്കി. ആകെ മൊത്തം 280 കിലോഗ്രാമിലധികം ഭാരം ഉയർത്തി നേടിയ ഈ വിജയം കാസർഗോഡ് ജില്ലക്കും മലയോര മേഖലയ്ക്കും അഭിമാന നിമിഷമായി.
ഒരുകാലത്ത് കൈകളുടെ മരവിപ്പ് കാരണം ടൂവീലർ പോലും ഓടിക്കാൻ കഴിയാതിരുന്ന ലീനയുടെ ഈ നേട്ടം ജിമ്മിലെ പരിശീലകരും സഹപരിശീലകരും നാട്ടുകാരും അഭിമാനത്തോടെയാണ് കാണുന്നത്. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിച്ച് ഉയരങ്ങൾ കീഴടക്കാമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് ലീന മോഹൻ.
ലീനയുടെ വിജയയാത്രയിൽ ഭർത്താവ് യു. മോഹനും മക്കളായ ശിവ പ്രസാദും ശ്രേയസും ശക്തമായ പിന്തുണയുമായി ഒപ്പമുണ്ട്.
No comments