ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ കൊന്നക്കാട് സ്വദേശിയായ യുവാവ് മരിച്ചു
വെള്ളരിക്കുണ്ട് : ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. കൊന്നക്കാട് ചെരുമ്പക്കോട്ടെ എൻ വിഷ്ണു (27) ആണ് ചികിത്സയ്ക്കിടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 12ന് വൈകിട്ട് കൂളിമട വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), നാലുമാസം പ്രായമുള്ള ഇവരുടെ ആൺകുഞ്ഞ്, ഡ്രൈവർ പറമ്പയിലെ പുളിക്കൽ നിധിൻ (35), പാമത്തട്ടീലെ ഗോപാലകൃഷ്ണൻ (65) എന്നിവർക്കും പരിക്ക് പറ്റിയിരുന്നു. വിഷ്ണുവും, ഭാര്യ ദിവ്യയും, കുഞ്ഞും പരിയാരത്തും, മറ്റു രണ്ടുപേരും മംഗളുരുവിലും ചികിത്സയിലായിരുന്നു. ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യ ആശൂപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗോപാലകൃഷ്ണൻ ഇപ്പോഴും ഗുരുതരാവസ്ഥയീൽ ചികിത്സയിലാണ്. വിഷ്ണു കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊന്നക്കാടേക്ക് പോകുമ്പോഴാണ് കൂളിമടയിലെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞത്. ഗുരുതര പരിക്കേറ്റ വിഷ്ണുവിന്റെയും ഗോപാലകൃഷ്ണന്റെയും ചികിത്സ സഹായത്തിനായി നാട്ടുകാർ പണം സ്വരൂപിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ മരണം. ചെരുമ്പക്കോട്ടെ നെല്ലിക്കാട്ട് ഗണേശന്റെയും കുമാരിയുടെയും മകനാണ്. സഹോദരി: ഗീതു (പറമ്പ).
No comments