ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
വെള്ളരിക്കുണ്ട് : ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഇതോടെ മരണം രണ്ടായി. കൊന്നക്കാട് പാമത്തട്ടിലെ തണ്ണിപ്പാറ ഗോപാലകൃഷ്ണൻ (65) ആണ് ചികിത്സയ്ക്കിടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 12ന് വൈകിട്ട് കൂളിമട വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ചെരുമ്പക്കോട്ടെ വിഷ്ണു (27) കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച്ച മരിച്ചിരുന്നു. വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), നാലുമാസം പ്രായമുള്ള ഇവരുടെ കുഞ്ഞ്, ഡ്രൈവർ പറമ്പയിലെ പുളിക്കൽ നിധിൻ (35) എന്നിവർക്കും പരിക്ക് പറ്റിയിരുന്നു. ഗുരുതര പരിക്ക് പറ്റിയ ഡ്രൈവർ നിധിൻ, ഗോപാലകൃഷ്ണൻ എന്നിവർ മംഗളുരുവിൽ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളി വൈകിട്ടോടെ മരിച്ചു. കൊന്നക്കാടേക്ക് പോകവെ കൂളിമടയിലെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ടാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: മായ. മക്കൾ : മഞ്ജുഷ (കാഞ്ഞങ്ങാട് സൗത്ത്), മനീഷ (ചെരുമ്പക്കോട്), മിൽഷ (ഡിഗ്രി വിദ്യാർഥിനി, നെഹ്‌റു കോളേജ് പടന്നക്കാട്). മരുമക്കൾ : സുരേഷ് (കാഞ്ഞങ്ങാട് സൗത്ത്), രാജേഷ് (വെൽഡർ കൊന്നക്കാട്).
No comments