Breaking News

'വെള്ളരിക്കുണ്ട് നിയമസഭാ മണ്ഡലം അനുവദിക്കണം': വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി യോഗം


വെള്ളരിക്കുണ്ട്: മലയോര മേഖലയുടെ പ്രശ്നങ്ങളും ആവശ്യങ്ങളുും തിരിച്ചറി‍ഞ്ഞ് പരിഹരിക്കപ്പെടാൻ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് നിയമസഭാ മണ്ഡലം രൂപീകരിക്കണമെന്ന് വെള്ളരിക്കുണ്ട് ടൗൺ വികസനസമിതിയുടെ യോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. 2010  ൽ മലയോരപഞ്ചായത്തുക്കളെ ഉൾപ്പെടുത്തി പരപ്പ ബ്ലോക്ക് പഞ്ചായത്തും 2014 ൽ വെള്ളരിക്കുണ്ട് താലൂക്കും രൂപീകരിച്ചിട്ടും വികസനം ഇന്നും അകലെയാണ്. താലൂക്കിന് അനുബന്ധമായി ലഭിക്കേണ്ട ആഫീസുകളിൽ പലതും  അനുവദിക്കപ്പെട്ടിട്ടില്ല. വിദഗ്ദമായ ചികിത്സാ സൗകര്യങ്ങൾ കാഞ്ഞങ്ങാട് നീലേശ്വരം തുടങ്ങിയ തീരദേശ പട്ടണങ്ങളിൽ കേന്ദ്രീകൃതമാണ്.  ജില്ലയിലെ 65 % വരുന്ന പട്ടിക വർഗ്ഗക്കാരും നാമമാത്ര ചെറുകിടകൃഷിക്കാരും, കുടിയേറ്റജനതയും അധിവസിക്കുന്ന മലയോരമേഖലയ്ക്ക് സ്വന്തമായി നിയമസഭാമണ്ഡലം അത്യാവശ്യമാണ്.

ബളാൽ പഞ്ചായത്തു പ്രസിഡന്റ് രാജു കട്ടക്കയം യോഗം ഉദ്ഘാടനം ചെയ്തു. വികസനസമിതി പ്രസിഡന്റ് ബാബു കോഹിന്നൂർ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, വാർഡ് മെമ്പർ വിനു കെ ആർ, വികസന സമിതി ജനറൽ കൺവീനർ സണ്ണി മങ്കയം, ട്രഷറർ അലോഷ്യസ് ജോർജ്, സെക്രട്ടറി ജിമ്മി ഇടപ്പാടി, തോമസ് ചെറിയാൻ, വി കെ ചന്ദ്രൻ ,സാലു എന്നിവ‍ർ സംസാരിച്ചു.

No comments