Breaking News

ഹൊസങ്കടി അയ്യപ്പൻ ക്ഷേത്രത്തിലെ കവർച്ച വിഗ്രഹം കടത്തിയയാൾ പിടിയിൽ


കാസർകോട്‌ : ഹൊസങ്കടി അയ്യപ്പക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം കവർന്ന കേസിലെ പ്രതിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മഞ്ചേശ്വരം മജിബയലിലെ ലക്ഷ്‌മീശ ഭണ്ഡാരി (40)യെയാണ്‌ കാസർകോട്‌ ഡിവൈഎസ്‌പി വി വി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. 
ശനി പുലർച്ചെയാണ്‌ മോഷണം. പഞ്ചലോഹവിഗ്രഹം പരിസരത്തുള്ള കാട്ടിൽ ഒളിപ്പിച്ചുവച്ച മോഷ്ടാവ്‌ ഭണ്ഡാരത്തിലെ പണവുമായി കടന്ന്‌ കളഞ്ഞു. വിഗ്രഹം കാട്ടിൽ നിന്ന്‌ പൊലീസ്‌ കണ്ടെത്തി. സിസിടിവി തുണയായി
ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേനയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിരവധി സ്ഥലങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോൾ പ്രതി ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ആളെ തിരിച്ചറിയലായി പിന്നീട്‌ പ്രയത്‌നം. മോഷണ സ്ഥലത്ത്‌ നിന്ന്‌ കണ്ടെത്തിയ വിരലടയാളം കേന്ദ്രീകരിച്ചായി അന്വേഷണം. നിരവധി പേരുടെ വിരലടയാള പരിശോധനയിൽ മഞ്ചേശ്വരം പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ 2005 ൽ നടന്ന ഒരു കവർച്ച കേസിലെ പ്രതിയുടെ വിരലടയാളം ശാസ്‌ത്രീയ പരിശോധനയിൽ ഒത്തുവന്നു. ഇയാളെ നിരീക്ഷിച്ച്‌ നടത്തിയ അന്വേഷണത്തിൽ മജിബയലിലെ വീട്ടിൽ നിന്നാണ്‌ പിടിയിലായത്‌. ഒറ്റക്കായിരുന്നു വീട്ടിൽ താമസം. കവർച്ചക്ക്‌ ഉപയോഗിക്കുന്ന ഇരുമ്പ്‌ കമ്പി, സ്‌ക്രൂ ഡ്രൈവർ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. മോഷണത്തിന്‌ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. കർണാടകയിൽ നിരവധി കേസുകളിൽ പ്രതിയാണ്‌ ലക്ഷ്‌മീശ.
അന്വേഷണ സംഘത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ, എസ്‌ഐ ഷറഫുദ്ദീൻ, രാജേഷ്, ഓസ്‌റ്റിൻ തമ്പി, പ്രതീഷ് ഗോപാൽ, ഹരീഷ്, സജീഷ്, ശിവകുമാർ, ശ്രീജിത്ത്, അനൂപ് എന്നിവരുമുണ്ടായിരുന്നു.


No comments