Breaking News

ആയുസ്സിൻ്റെ പുസ്തകത്തിന് നാല്പത് : സി.വി.ബാലകൃഷ്ണൻ വീണ്ടും വള്ളിക്കടവിൽ


വെള്ളരിക്കുണ്ട്: മാലോം ഗ്രാമത്തിൻ്റെ വിഹ്വലതകളും നെടുവീർപ്പുകളും നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് ആയുസ്സിൻ്റെ പുസ്തകത്തിലൂടെ മലയാള സഹൃദയ ലോകത്തിന്  പകർത്തിക്കൊടുത്ത സി.വി.ബാലകൃഷ്ണൻ, അന്നു താൻ വിലയിച്ച വഴികളിലൂടെ ഇന്നലെ വീണ്ടും നടന്നു നീങ്ങി.

ആനിയും ഫാ.മാത്യുവും ( കൊച്ചച്ചൻ ) പ്രണയത്തിൻ്റെ പുത്തുമ്പികളെ പറത്തിക്കളിച്ച  പള്ളിമുറ്റം (സെൻ്റ് ജോർജ് ചർച്ച്, മാലോം ), റാഹേലും യോഹന്നാനും ഒന്നിച്ചിരുന്ന് പഠിച്ച പള്ളിക്കൂടപ്പടി (ജി.എച്ച് എസ്.എസ് മാലോത്തു കസ്ബ), 

യോഹന്നാൻ്റെ വിജ്രുംഭിത വികാരങ്ങൾ വീണുടഞ്ഞ് ചിതറിയ ചൈത്രവാഹിനിപ്പുഴയിലെ കല്ലങ്കയം … സി.വി ഓർമ്മകളിലും എഴുത്തുകളിലും സ്വയം നഷ്ടപ്പെട്ട നിമിഷങ്ങളായിരുന്നു ഇന്നലത്തെ പകൽ ... !


1982-ൽ രചന പൂർത്തീകരിച്ച ആയുസ്സിൻ്റെ പുസ്തകം നോവലിൻ്റെ  നാല്പതാം വാർഷികാഘോഷങ്ങൾക്ക് വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം പ്രവർത്തകർ സെപ്റ്റംബറിൽ തുടക്കം കുറിക്കാനിരിക്കെ രചയിതാവിൻ്റെ സന്ദർശനം നാട്ടിൽ കൗതുകവും ആഹ്ളാദവും പരത്തി.


സുഹൃത്തുക്കളായ എഴുത്തുകാർ താഹാമാടായിയും സജി ജെയിംസും  ഒപ്പമുണ്ടായിരുന്നു. 


കസ്ബ യുവജന കേന്ദ്രം പ്രവർത്തകരായ എം.പി.രാജൻ നാട്ടക്കൽ, സി.കെ.ബാലകൃഷ്ണൻ കൊന്നക്കാട്, ബാബു തെക്കേൽ മാലോം, ടോം ക്രിസ്ത്യാനോ ജോർജ്, ജോർജുകുട്ടി തോമസ് മാടപ്പള്ളി  എന്നിവർ സഹയാത്രികരായി

No comments