Breaking News

മോഷ്ടിച്ച ബൈക്ക് കേടായി, 'വർക്ക്‌ഷോപ്പ് ഉണ്ടോ ചേട്ടാ?' ചോദിച്ചത് ഉടമയോട്; മോഷ്ടാവ് പിടിയിൽ


കോയമ്പത്തൂർ: മോഷ്ടിച്ച ബെെക്ക് കേടായപ്പോൾ സഹായം അഭ്യർത്ഥിച്ച് കളളൻ എത്തിയത് ഉടമയുടെ പക്കൽ. കോയമ്പത്തൂർ സൂലൂർ സ്വദേശി മുരുകന്റെ വീട്ടിൽ നിന്നും മോഷ്ടിച്ച ബെെക്കാണ് ഉടമയുടെ പക്കൽ തിരികെയെത്തിയത്. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യം (30) ആണ് മോഷണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിവളർത്തു കേന്ദ്രത്തിലെ മാനേജരായ മുരുകൻ വാഹനം നഷ്ടപ്പെട്ടുവെന്ന പരാതി നൽകാനായി കരുമത്തംപട്ടി പൊലീസ്‌ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. കുറുമ്പപാളയം എത്തിയപ്പോൾ വർക്ക്‌ ഷോപ്പിനുമുന്നിൽ തന്റെ ബൈക്ക് നിൽക്കുന്നതു കണ്ടാണ് മുരുകൻ സമീപത്തേക്ക് പോയത്. വാഹനത്തിന് സമീപം നിന്ന ബാലസുബ്രഹ്മണ്യൻ വാഹനം സ്റ്റാർട്ട്‌ ആകുന്നില്ലെന്നും വർക്ക്‌ഷോപ്പ് എപ്പോൾ തുറക്കുമെന്നും ചോദിക്കുകയായിരുന്നു. തുടർന്ന് മോഷ്ടാവും ഉടമയും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയും ആയതോടെ നാട്ടുകാർ ഇടപെട്ട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണ വിവരം ഉടമ നാട്ടുകാരോട് വ്യക്തമാക്കിയപ്പോൾ സ്ഥലത്ത് പൊലീസ് എത്തുന്നത് വരെ പ്രതിയെ കെട്ടിയിട്ടു. പൊലീസ് എത്തിയശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീളമേട്, ശിങ്കാനല്ലൂർ, ആർ എസ് പുരം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലായി നിലവിൽ 18 മോഷണക്കേസുകൾ പ്രതിക്കെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

No comments