Breaking News

ഇഡ്ഡലി ബാക്കിയായാൽ കളയേണ്ട; ഇങ്ങനെ ചെയ്തുനോക്കൂ..




ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഇഡ്ഡലി. ദോശയും ഇഡ്ഡലിയും മാറ്റിവച്ചുകൊണ്ടുള്ള ബ്രേക്ക്ഫാസ്റ്റിനെ കുറിച്ച് സൌത്തിന്ത്യക്കാർക്ക് ആലോചിക്കാനേ സാധിക്കില്ലെന്നതാണ് സത്യം. നല്ല തേങ്ങാ ചട്ണിയോ ചമ്മന്തിപ്പൊടിയോ ചൂട് സാമ്പാറോ കൂടെയുണ്ടെങ്കിൽ കുശാൽ, അല്ലേ?

വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്നതും മൃദുവായ ഭക്ഷണമായതിനാൽ തന്നെ വേഗത്തിൽ കഴിക്കാമെന്നതുമെല്ലാം ഇഡ്ഡലിയെ പ്രിയ ബ്രേക്ക്ഫാസ്റ്റ് വിഭവമാക്കി നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്നു.

കാര്യങ്ങളിങ്ങനെയാണെങ്കിലും ഇഡ്ഡലി ബാക്കിയായാൽ മിക്ക വീടുകളിലും പിന്നീടിത് കളയാറാണ് പതിവ്. ഇതിലെ പ്രധാന കാരണം, ബാക്കിവരുന്ന ഇഡ്ഡലി പിന്നീട് കനം വയ്ക്കുന്നു, അല്ലെങ്കിൽ മാർദ്ദവം നഷ്ടപ്പെട്ട് കല്ലിച്ചുപോകുന്നു എന്നതിലാണ്. ശരിയായ രീതിയിൽ ചൂടാക്കിയാൽ ഇഡ്ഡലി ശരിക്കും ഫ്രഷായി തന്നെ കിട്ടും. അത്തരത്തിൽ ഇഡ്ഡലി ചൂടാക്കേണ്ട മൂന്ന് മാർഗങ്ങൾ ആദ്യം പങ്കുവയ്ക്കാം.

മമൈക്രോ വേവ് അവനുണ്ടെങ്കിൽ ഇത് വച്ച് ചൂടാക്കാം. ഇതിനകത്ത് വയ്ക്കാവുന്നൊരു പാത്രത്തിൽ ഇഡ്ഡലി വച്ച് ഇത് അവനകത്ത് വയ്ക്കുക. മറ്റൊരു ഗ്ലാസിൽ അൽപം വെള്ളവും എടുത്ത് കൂട്ടത്തിൽ വെറുതെ വയ്ക്കുക. 45-50 സെക്കൻഡ് കൊണ്ട് തന്നെ ഇഡ്ഡലി മാർദ്ദവമായി - ചൂടായി കിട്ടും. ഗ്ലാസിൽ വെള്ളം വയ്ക്കുന്നത് ഇത് അവനകത്തെ അന്തരീക്ഷത്തിൽ ഈർപ്പം നിർത്താനാണ്. ഇതോടെയാണ് ഇഡ്ഡലി നല്ലതുപോലെ മൃദുലമാകുന്നത്.

ആവിപ്പാത്രത്തിലും ഇതുപോലെ ഇഡ്ഡലി ചൂടാക്കാവുന്നതാണ്. ഇഡ്ഡലി തട്ടിൽ തന്നെ വച്ച് താഴെ വെള്ളം വച്ച് നന്നായി മൂടി ചൂടാക്കിയെടുക്കാം. അതല്ലെങ്കിൽ സാധാരണ വലിയ പാത്രത്തിൽ വെള്ളം വച്ച് അതിന് മുകളിൽ സുഷിരങ്ങളുള്ള പാത്രം വച്ച് നന്നായി മൂടിയും ചൂടാക്കാം.






ഇനി ബാക്കി വരുന്ന ഇഡ്ഡലി കളയാതെ ഈ രീതിയിൽ ചൂടാക്കി ഉപയോഗിച്ചുനോക്കൂ. അതല്ലെങ്കിൽ പഴയ ഇഡ്ഡലി കൊണ്ട് കിടിലനൊരു വിഭവവും ഉണ്ടാക്കാം. ഇഡ്ഡലി ഉപ്പുമാവ്. മലയാളികൾക്കിടയിൽ ഇതിന് അത്ര വലിയ പ്രചാരം ഇപ്പോഴുമില്ല. എന്നാൽ തമിഴർ മിക്കപ്പോഴും ചെയ്യുന്ന വിഭവമാണിത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്.

ബാക്കിയായ ഇഡ്ഡലി ചെറുതായി പൊടിച്ചുവയ്ക്കണം. ഓർക്കുക തണുത്ത ഇഡ്ഡലിയാണ് ഇതിന് എടുക്കേണ്ടത്. ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും ഇട്ട് വറുത്ത ഉടനെ ഇതിലേക്ക് അൽപം ക്യാരറ്റ് ചെറുതായി അരിഞ്ഞത്, ഗ്രീൻ പീസ്, തക്കാളി ചെറുതായി അരിഞ്ഞത്, കൂട്ടത്തിൽ ഉപ്പ് എന്നിവ ചേർക്കുക. ഇതൊന്ന് പാകമാകുമ്പോൾ വെള്ളമൊഴിച്ചുകൊടുക്കാം. വെള്ളം ഇഡ്ഡലിക്ക് അനുസരിച്ച് പാകത്തിനേ എടുക്കാവൂ. ഇത് തിളയ്ക്കുമ്പോൾ ഇഡ്ഡലി പൊടിച്ചുവച്ചത് ചേർക്കുക. വെള്ളം പറ്റി ഉപ്പുമാവ് സെറ്റാകുമ്പോൾ തീ കെടുത്തി വാങ്ങാം. നല്ല തേങ്ങാ ചട്ണി തന്നെയാണ് ഇതിനും യോജിച്ച കോംബോ.

No comments