Breaking News

'കെജിഎഫ്' സിനിമയിൽ നിന്നും പ്രചോദനം ; നാല് സുരക്ഷാ ജീവനക്കാരെ തലയ്ക്കടിച്ച് കൊന്ന് 19 വയസ്സുകാരൻ


ഭോപ്പാല്‍: മധ്യപ്രദേശിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരകള്‍ക്കൊടുവില്‍ പത്തൊമ്പതുകാരനായ പ്രതി പിടിയിലായി. നാലു സുരക്ഷാ ജീവനക്കാരെ ഉറക്കത്തില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശ് സാഗര്‍ സ്വദേശി ശിവപ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രം കെജിഎഫില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിനു നല്‍കിയ മൊഴി. സിനിമയിലെ നായക കഥാപാത്രത്തെ പോലെ പേരെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

കൊല്ലപ്പെട്ട ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ഫോണ്‍ പ്രതി കൈക്കലാക്കിയിരുന്നു. ഇത് പിന്തുടര്‍ന്നാണ് വെള്ളിയാഴ്ച ഭോപ്പാലില്‍ വെച്ച് പ്രതിയെ പിടികൂടിയത്. ആഗസ്റ്റ് 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ മൂന്നും ഭോപ്പാലില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെയുമാണ് ശിവപ്രസാദ് കൊലപ്പെടുത്തിയത്. ഭോപ്പാലില്‍ നടത്തിയ കൊലപാതകം സിസിടിവിയില്‍ പതിഞ്ഞിരുന്നു. നിക്കറും ബനിയനും ധരിച്ചെത്തിയ പ്രതി ഉറങ്ങിക്കിടക്കുന്ന സുരക്ഷാജീവനക്കാരന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റാരും കണ്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്തു നിന്ന് പെട്ടെന്ന് രക്ഷപ്പെടുകയും ചെയ്തു. ചുറ്റിക, വടിവാള്‍, കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്.

അടുത്തതായി പൊലീസുകാരെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. അര്‍ദ്ധരാത്രി ഉറങ്ങിക്കിടക്കുന്ന സുരക്ഷാ ജീവനക്കാര്‍ സമാന സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത് സംസ്ഥാനത്തുടനീളം പരിഭ്രാന്തി പരത്തിയിരുന്നു. പൊലീസ് പരിശോധനയും കര്‍ശനമാക്കിയിരുന്നു തുടര്‍ന്നാണ് പ്രതി പിടിയിലായത്.

No comments