Breaking News

'രണ്ടാഴ്ചക്കുള്ളിൽ 5.20 കോടി': കെട്ടിവച്ചില്ലെങ്കിൽ പിഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം നൽകരുതെന്ന് ഹൈക്കോടതി


കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിലെ അക്രമസംഭവങ്ങളിലെ പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ കെട്ടിവെക്കേണ്ടത് 5.20 കോടി രൂപ. രണ്ടാഴ്ചക്കുള്ളിൽ നിർദിഷ്ട തുക കെട്ടിവെച്ചാൽ മാത്രം പ്രതികൾക്ക് ജാമ്യം നൽകിയാൽ മതിയെന്ന് മജിസ്‌ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി സ്വമേധയ എടുത്ത കേസിലാണ് നിർണായക ഇടപെടൽ.

ഹർത്താൽ ദിനത്തിൽ നടന്ന അക്രമസംഭവങ്ങളിൽ നാശനഷ്ടമുണ്ടായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷനെയും ഹൈക്കോടതി നിയമിച്ചു. പി ഡി സാരംഗധരനാണ് ക്ലെയിം കമ്മീഷണർ. മൂന്നാഴ്ചക്കകം കമ്മീഷൻ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു. അക്രമസംഭവുമായി ബന്ധപ്പെട്ട് ആകെ 487 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 1992 പേരെ അറസ്റ്റ് ചെയ്തു. 687 പേരെ കരുതൽ കസ്റ്റഡിയിലെടുത്തതായും കോടതിയെ അറിയിച്ചു. ഹർത്താലിൽ അഞ്ച് കോടിക്ക് മേൽ നഷ്ടം സംഭവിച്ചതായും ഇത് ഹർത്താൽ അനുകൂലികളിൽ നിന്ന് ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി അടക്കം കോടതിയെ സമീപിച്ചിരുന്നു. അതേസമയം, പോപ്പുലർ ഫ്രണ്ടിനെതിരെ സ്വീകരിക്കേണ്ട തുടർ നടപടികൾ വിശദീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം ഡിജിപി അനിൽ കാന്ത് വിളിച്ചു. സർക്കാർ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ഡിജിപി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. രണ്ട് മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. തലസ്ഥാനത്ത് കലക്ടർമാരുടേയും വകുപ്പ് മേധാവിമാരുടേയും യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഡിജിപി വിളിച്ചുചേർത്ത യോഗം നടക്കുക.

പിഎഫ്‌ഐയെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കർശനനടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് സർക്കാർ ഉത്തരവ്. ഓഫീസുകൾ ഇന്ന് തന്നെ പൂട്ടി സീൽ ചെയ്യും. കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് നടപടികൾക്കുള്ള അധികാരം നൽകിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികൾ ക്രമീകരിക്കാൻ യോഗത്തിന് ശേഷം ഡിജിപി സർക്കുലറും പുറത്തിറക്കും.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടും. നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

No comments