കുടിവെള്ള സ്രോതസുകൾ മലിനം ജില്ലയിൽ 12 സ്‌കൂളുകളിൽ ജല ഗുണനിലവാര പരിശോധനാ ലാബ് മലയോരത്ത് ബളാലിലും
കാസർകോട് : നവകേരളം കർമപദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജില്ലയിലെ 12 സ്‌കൂളുകളിൽ ജല ഗുണനിലവാര പരിശോധനാ ലാബുകൾ തുടങ്ങും. വിവിധ കിണറുകളിൽനിന്നും ജലാശയങ്ങളിൽനിന്നും ശേഖരിച്ച ജലസാമ്പിളുകളുടെ ഗുണനിലവാരം പരിശോധിച്ചതിൽ ഭൂരിഭാഗം സാമ്പിളുകളിലും മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു. ഈസാഹചര്യത്തിലാണ് തെരഞ്ഞെടുത്ത 12 സ്‌കൂളുകളിൽ ജലഗുണനിലവാര പരിശോധന ലാബ് തുടങ്ങാൻ തീരുമാനിച്ചത്.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ കിണർ ജലാശയങ്ങളിലെ ജലസാമ്പിളുകൾ പരിശോധിച്ചതിൽ അതീവമാലിന്യം നിറഞ്ഞ് ഉപയോഗയോഗ്യമല്ലാത്ത രീതിയിലാണ് കണ്ടെത്തിയത്. 90 ശതമാനത്തിന് മുകളിൽ മൂന്നെണ്ണവും 80-–-90 ശതമാനത്തിനിടയിൽ മൂന്നെണ്ണവും 60–--80 ശതമാനത്തിനിടെ 12 എണ്ണവും 50 ശതമാനത്തിന് മുകളിൽ ഏഴെണ്ണവും മലിനമാണെന്ന് കണ്ടെത്തി.
കെമിസ്ട്രി ലാബുകളുള്ള ഹയർസെക്കൻഡറി സ്‌കൂളുകളിൽ കെമിസ്ട്രി അധ്യാപകരുടെയും സയൻസ് വിദ്യാർഥികളുടെയും സഹായത്തോടെയായിരിക്കും ലാബ് പ്രവർത്തിക്കുക. ജലഗുണനിലവാര പരിശോധന ലാബ് നിലവിൽ വരുന്നതോടെ പ്രദേശത്തെ ജലസ്രോതസ്സുകളിൽനിന്നുള്ള സാമ്പിളുകൾ സൗജന്യമായി പരിശോധിച്ച് ഫലം അറിയാനാവും.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹണ ഉദ്യോഗസ്ഥയായി പ്രവർത്തിക്കുന്ന പദ്ധതിയുടെ ടെൻഡർ പൂർത്തീകരിച്ച് ലാബുകളുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതായി നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ പറഞ്ഞു.
ലാബുകൾ
ജിഎച്ച്എസ്എസ് ബങ്കര, പൈവളികെ, പട്ല, ബളാംതോട്, ബളാൽ, പിലിക്കോട്, മടിക്കൈ, മുള്ളേരിയ, ഉദുമ , ജിവിഎച്ച്എസ്എസ് കയ്യൂർ,മൊഗ്രാൽ, കുണ്ടംകുഴി എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് പുറമെ ഭൂജല വകുപ്പും ജില്ലയിലെ രണ്ട് സ്‌കൂളുകളിൽ ലാബ് തുടങ്ങും. ജിഎച്ച്എസ്എസ് ഹൊസ്ദുർഗിലും ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലുമാണ് ലാബ് തുടങ്ങുക. ഫീസ് നൽകി കുടിവെള്ള സാമ്പിൾ പരിശോധിക്കാൻ കേരള ജല അതോറിറ്റിയും അഞ്ച് ലാബുകൾ ജില്ലയിൽ തുടങ്ങും.
No comments