Breaking News

വിവാഹിതയുമായി ഒളിച്ചോടി, സ്റ്റേഷനിലെത്തിയപ്പോൾ യുവാവിനൊപ്പം പോകുന്നില്ലെന്ന് യുവതി; കൈഞരമ്പ് മുറിച്ച് യുവാവ്


കോഴിക്കോട്: പൊലീസ് സ്റ്റേഷന് മുന്നില്‍ കൈഞരമ്പ് മുറിച്ച് യുവാവിന്റെ പ്രതിഷേധം. തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിക്കൊപ്പം കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിക്ക് മനംമാറ്റമുണ്ടായതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം സ്വദേശിയായ വിവാഹിതയായ യുവതിയും നിലമ്പൂര്‍ കരുളായി സ്വദേശി അക്ബറലിയുമാണ് ഇന്നലെ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അഞ്ചുവയസുള്ള കുട്ടിയുടെ അമ്മ കൂടിയായ യുവതിയെ വ്യാഴാഴ്ച മുതല്‍ കാണാതായതിന് തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇതിന്റെ ഇന്വേഷണം തുടരവെയാണ് യുവതിയും യുവാവും കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്ന് ഇരുവരും സ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ തിരുവനന്തപുരത്ത കേസുള്ളതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനിടയിലാണ് യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. യുവാവിനൊപ്പം പോകുന്നില്ലെന്ന് യുവതി അറിയിച്ചു. ഇതോടെ അടുത്തുള്ള കടയില്‍ പോയി ബ്ലേഡ് വാങ്ങിക്കൊണ്ടുവന്ന യുവാവ് കൈഞരമ്പ് മുറിക്കുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. മുറിവ് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

No comments