Breaking News

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 15 ദിവസത്തിനകം വേതനം; വൈകിയാല്‍ നഷ്ടപരിഹാരം



തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനകം തൊഴിലാളികള്‍ക്ക് വേതനം നല്‍കണം. അല്ലാത്ത പക്ഷം വേതനം വൈകുന്നതിനു കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കും.തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ഉറപ്പാക്കാനുളള സര്‍ക്കാരിന്റെ തീരുമാനമാണിതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

വേതനം വൈകിയാല്‍ 16-ാം ദിവസം മുതല്‍ ലഭിക്കാനുളള വേതനത്തിന്റെ 0.05 % വീതം ദിവസവും തൊഴിലാളികള്‍ക്ക് നല്‍കാനാണ് തീരുമാനം. നഷ്ടപരിഹാര തുക സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് അനുവദിക്കുന്നത്. വേതനം വൈകിയാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന സൗകര്യം എം ജി എന്‍ ആര്‍ ഇ ജി എ മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഉദ്യോഗസ്ഥര്‍ വിവരം നല്‍കണം. പ്രവൃത്തി പൂര്‍ത്തിയായി അഞ്ച് ദിവസത്തിനുളളില്‍ പരിശോധന ഉള്‍പ്പെടെ മറ്റ് നടപടികള്‍ നടത്തും. വേതന പട്ടിക അക്കണ്ടന്റ് ആറ് ദിവസത്തിനുളളിലും തയ്യാറാക്കും. തുക നല്‍കാനുളള നടപടി ഏഴ് ദിവസത്തിനുളളില്‍ സ്വീകരിക്കുമെന്നതാണ് വ്യവസ്ഥ എന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഫണ്ട് ലഭ്യമല്ലാതിരിക്കുക, വേതനം നല്‍കാതിരിക്കുക, വെബ്‌സൈറ്റില്‍ വിവരം ചേര്‍ക്കാനാവാതിരിക്കുക, പ്രകൃതി ദുരന്ത സാഹചര്യം ഒഴികെയുളള സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

No comments