Breaking News

ലഹരിമരുന്നും ആയുധങ്ങളുമായി വ്ലോ​ഗർ വിക്കി ത​ഗ് അറസ്റ്റിൽ


പാലക്കാട്: ലഹരി ബോധവത്കരണവും യാത്രാ വിവരണവുമായി നവമാധ്യമങ്ങളില്‍ ശ്രദ്ധേയനായ യൂട്യൂബര്‍ വിക്കി തഗ് എന്ന വിഘ്നേഷ് ലഹരിമരുന്നും ആയുധങ്ങളുമായി അറസ്റ്റില്‍. വിഘ്നേഷിന്റെ കൂടെ സുഹൃത്ത് കായംകുളം കൊച്ചുമുറി സ്വദേശി എസ് വിനീത് (28) അറസ്റ്റിലായിട്ടുണ്ട്. 20 ഗ്രാം മെതഫിറ്റമിന്‍, തോക്ക്, വെട്ടുകത്തി എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എക്‌സൈസ് ആണ് ഇവരെ പിടികൂടിയത്. കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനത്തിലെ ഗിയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്


വിക്കി ത​ഗ് എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായും എക്സൈസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ലഹരിയിലായിരുന്നതിനാൽ ഇരുവരും ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. വ്യത്യസ്ത പ്രകടനങ്ങളുമായി വീഡിയോ ചെയ്യുന്ന വിക്കിക്ക് യൂട്യൂബില്‍ ഏറെ ആരാധകരുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ എട്ട് ലക്ഷത്തിലധികം ആളുകളാണ് ഇയാളെ പിന്തുടരുന്നത്. ലഹരിയില്ലാതെ ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയില്ലെന്ന് വിഘ്നേഷ് പല വേദികളില്‍ പറഞ്ഞിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളുടെ മോഡലായും പ്രവര്‍ത്തിച്ചിരുന്നു. അരലക്ഷത്തിലധികം രൂപയാണ് സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് മാത്രം വിഘ്നേഷ് ഈടാക്കിയിരുന്നത്. ഇയാൾ നേരത്തെ നിരവധി കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

No comments