Breaking News

കപ്പ പുഴുങ്ങിത്തിന്നാനും നല്ല കാശ് കൊടുക്കണം; മരച്ചീനിയുടെ വിലയിലും വൻ വർധന, ഒരു വർഷത്തിനിടെ പച്ചമുളക്, സവാള വില ഇരട്ടിച്ചു


2021 ഒക്ടോബറില്‍ ഒരു കിലോ മരച്ചീനിയ്ക്ക് 21 രൂപയായിരുന്നു വിലയെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം ഇതേ മരച്ചീനി 44 രൂപയ്ക്കാണ് വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം മരച്ചീനിയുടെ വിലയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതാണ് ഇപ്പോള്‍ വിലവര്‍ദ്ധനയ്ക്ക് കാരണമായി വിദഗ്ധര്‍ പറയുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വന്‍തോതില്‍ മരച്ചീനിയുടെ ഉത്പാദനം കൂടിയതാണ് കഴിഞ്ഞ വര്‍ഷം മരച്ചീനിയുടെ വിലയിടിവിന് കാരണമായത്.

കഴിഞ്ഞ വര്‍ഷം നിരവധി പേരാണ് മരച്ചീനി കൃഷിയിലേക്ക് തിരിഞ്ഞത്. ഇതോടെ ഉത്പാദനം വര്‍ധിച്ചതിനാല്‍ വിലയില്‍ ഇടിവുണ്ടായി. ഇതേ തുടര്‍ന്ന് ചിലയിടങ്ങളില്‍ കര്‍ഷകര്‍ വിളവെടുപ്പ് പോലും നടത്തിയില്ല. കഴിഞ്ഞ വര്‍ഷത്തെ മരച്ചീനിയുടെ വിലയിടിവ് കാരണം ഈ വര്‍ഷം കര്‍ഷകര്‍ മറ്റ് വിളകള്‍ കൃഷിക്കായി തെരഞ്ഞെടുത്തതോടെ വിതരണത്തില്‍ കുറവുണ്ടായതായി ഐസിഎആര്‍ ഡയറക്ടര്‍ ഡോ.എംഎന്‍ ഷീല വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സവാളയും പച്ചമുളകുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. പച്ചമുളകിന് കഴിഞ്ഞ വര്‍ഷം 158 രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ മാസം 312 രൂപയായാണ് വില വര്‍ദ്ധിച്ചത്. ഏകദേശം 98 ശതമാനം വര്‍ദ്ധനവാണ് വിലയില്‍ ഉണ്ടായത്. സവാളയുടെ വില 44 ല്‍ നിന്നും കുതിച്ച് 85 ലാണ് ഈ വര്‍ഷം എത്തി നില്‍ക്കുന്നത്. അതായത് 93 ശതമാനം വില വര്‍ദ്ധനയാണ് ഉണ്ടായത്. ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ പ്രതിമാസ വില വര്‍ധന രേഖപ്പെടുത്തിയതും സവാളയ്ക്കായിരുന്നു.


No comments