Breaking News

ചാലിങ്കാലിലെ നീലകണ്ഠന്റെ കൊലപാതകം, പ്രതി ഗണേശനെ അമ്പലത്തറ പോലീസ് പിടികൂടി

വെള്ളരിക്കുണ്ട് : ചാലിങ്കാലില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗണേശൻ ബംഗളൂരുവില്‍ പിടിയിലായി . 31-07-2022 തീയ്യതി രാത്രി പുല്ലൂർ ഗ്രാമത്തിൽ മേലാശ്വരം നമ്പ്യാരടുക്കം സുശീലാ ഗോപാലൻ സ്മാരക ക്ലബ്ബിനടുത്ത് താമസിക്കുന്ന നീലകണ്ഠൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗണേശൻ എന്നു വിളിക്കുന്ന സെൽവരാജിനെ ജില്ലാ പോലീസ് മേധാവി Dr. വൈഭവ് സക്സേന, ബേക്കൽ DySP സുനിൽ കുമാർ .C.K എന്നിവരുടെ നിർദ്ദേശ പ്രകാരം അമ്പലത്തറ ഇൻസ്പെക്ടർ T.K മുകുന്ദൻ്റെ നേതൃത്വത്തിലുള്ള സംഘം ബാഗ്ലൂർ ബണ്ണാർഗട്ടയിൽ വെച്ച് പിടികൂടി.


പ്രതി ഗണേശൻ (സെൽവൻ) ഒളിവിൽ കഴിഞ്ഞത്‌ കർണാടകയിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങളിലാണെന്ന്‌ പൊലീസിനോട്‌ സമ്മതിച്ചു. ഭക്ഷണവും താമസവും സൗജന്യമായതിനാൽ യാത്രക്കുള്ള പണം ക്ഷേത്ര ദർശനത്തിനെത്തുന്നവരിൽ നിന്ന്‌ ദാനമായി ശേഖരിച്ചു.
ക്ഷേത്രങ്ങളിൽ മൂന്ന്‌ ദിവസമേ പുറമെ നിന്നുള്ളവർക്ക്‌ സൗജന്യമായി താമസവും ഭക്ഷണവും ലഭിക്കൂ. അതിനാൽ വേഷം മാറി മറ്റ്‌ ക്ഷേത്രത്തിലെത്തും. കഴിഞ്ഞ ജൂലെെ 31 ന് രാത്രിയിലാണ് പുല്ലൂർ കോളോത്ത് നമ്പ്യാടുക്കം സുശീലഗോപാലൻ നഗറിലെ പരേതരായ പൊന്നപ്പന്റെയും - കമലവതിയുടെയും മകൻ നീലകണ്ഠനെ സഹോദരി ഭർത്താവ്‌ ബംഗളൂരു വണ്ടർപേട്ടിലെ ഗണേശൻ (സെൽവൻ) വെട്ടികൊലപ്പെടുത്തിയത്‌. നാട്ടിൽ നിന്ന്‌ മുങ്ങിയ ഇയാളെ കണ്ടെത്താൻ ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ അമ്പലത്തറ ഇൻസ്‌പ്ക്ടർ ടി കെ മുകുന്ദന്റെ നേതൃത്വത്തിൽ നാലുമാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ പ്രതിയെ പിടിച്ചത്‌.
പ്രതി എത്താൻ സാധ്യതയുള്ള കർണാടകയിലെ സ്ഥലങ്ങളിലല്ലാം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിയെകുറിച്ച്‌ വിവരം അറിയാൻ പ്രാദേശികമായി സംവിധാനമുണ്ടാക്കി. ഗണേശൻ ബംഗളൂരുവിലെ ആദ്യഭാര്യയെയും മക്കളെയും ഒഴിവാക്കിയാണ്‌ നമ്പ്യാരടുക്കത്ത്‌ വിവാഹം കഴിച്ച്‌ താമസമാക്കിയത്‌. അദ്യ ഭാര്യയിലെ മകൾ താമസിക്കുന്ന കർണാടക ബണ്ടർകട്ടയിൽ പ്രതിയെത്തുന്നുണ്ടെന്ന വിവരമറിഞ്ഞു.
ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ, സീനിയർ സിവിൽ പൊലീസ്‌ ഉദ്യോഗസ്ഥരായ ഹരീഷ്കുമാർ, ടി വി രഞ്ജിത്ത്, സുജിത്ത് കരിവെള്ളൂർ എന്നിവരടങ്ങുന്ന സംഘം തിങ്കൾ രാവിലെ ബണ്ടർകട്ടയിലെത്തി പ്രതിക്കായി വലവിരിച്ചു. വൈകിട്ട്‌ അഞ്ചോടെ ഗണേശൻ മകളുടെ വീട്ടിലെത്തിയപ്പോൾ പിടികൂടി.
കാസർകോട്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു. ഇയാളെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്‌ നടത്തും. പൊലീസ്‌ സംഘത്തിന്‌ ജില്ലാ പൊലീസ്‌ ചീഫ് ഡോ. വൈഭവ്‌ സക്‌സേന അഭിനന്ദിച്ച്‌ കത്ത്‌ നൽകി.

No comments