Breaking News

നാടിൻ്റെ കർഷകരത്നങ്ങളെ ആദരിച്ച് മാലോത്തെ നാടകോത്സവ വേദി ആസ്വാദക മനസുകളെ കീഴടക്കി 'ചെമ്പൻകുതിര' യുടെ പ്രയാണം


വെള്ളരിക്കുണ്ട് : മാലോം യുവശക്തി ക്ലബ്ബും നാട്ടക്കൽ ഇ.എം.എസ് വായനശാലയും ആഥിത്യമരുളുന്ന അഖില കേരള നാടകോത്സവം മൂന്നാം ദിനത്തിൽ മലയോരത്ത് മണ്ണിനെ പൊന്നാക്കിയ കർഷക പ്രതിഭകളെ ആദരിച്ചു. പ്രതിസന്ധികളോട് പടവെട്ടി കാർഷിക രംഗത്ത് വിജയം കൊയ്ത കർഷകർക്കുള്ള അംഗീകാരമായി ആദരിക്കൽ ചടങ്ങ്. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്,  ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാല, ടി.പി തമ്പാൻ, ദിനേശൻ നാട്ടക്കൽ, പി.ടി നന്ദകുമാർ, കെ.പി.എ.സി കനകരാജ്, സജിൻരാജ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കായംകുളം സപര്യയുടെ ഏറ്റവും പുതിയ നാടകം ചെമ്പൻകുതിര അരങ്ങേറി. നിറഞ്ഞ സദസിനെ സാക്ഷിയാക്കി പ്രയാണമാരംഭിച്ച 'ചെമ്പൻകുതിര' ആസ്വാദക ഹൃദയങ്ങളെ കീഴടക്കി.

സമകാലീന സാമൂഹ്യ പശ്ചാത്തലം പ്രമേയമാക്കി അരങ്ങിലെത്തിയ നാടകം അവതരണം കൊണ്ടും അഭിനയേതാക്കളുടെ പ്രകടനം കൊണ്ടും മികവുറ്റതായി. 

നാടകോത്സവത്തിൻ്റെ നാലാം ദിനമായ ഇന്ന് വൈകിട്ട് കൊല്ലം കാളിദാസ കലാകേന്ദ്രയുടെ 'ചന്ദ്രികയ്ക്കുമുണ്ടൊരു കഥ' അരങ്ങിലെത്തും. സമാപന ദിനമായ വെള്ളിയാഴ്ച്ച കൊല്ലം ആവിഷ്ക്കാരയുടെ 'ദൈവം തൊട്ട ജീവിതം' അരങ്ങേറും.

റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്



No comments