ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ തുറന്ന് പരപ്പ ബാനം ; അത്ഭുതപ്പെടുത്താൻ കിലോമീറ്റർ നീളമുള്ള ഗുഹയും പുലിമടയും
പരപ്പ: (News Desk Malayoram Flash) ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തുറന്ന് പരപ്പ ബാനം പ്രദേശം. ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള ഗുഹയും പണ്ടുകാലത്ത് പുലികൾ വസിച്ചിരുന്ന പുലിമടയും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അത്ഭുതവും കൗതുകവുമാണ്. ആയിരത്തോളം കൊല്ലങ്ങൾ പഴക്കമുള്ള മുനിയറകൾ ബാനം മേഖലയിൽ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നു. നിരവധി തവണ വാർത്തകളിൽ ഇടം നേടിയ കരീമിൻ്റെ ഫോറസ്റ്റ്, മലയോരമേഖലയിൽ അഗ്നിഭൈരവൻ കെട്ടിയാടുന്ന അത്യപൂർവ പുരാതന ക്ഷേത്രമായ ബാനം പൊന്നമ്പറമ്പത്ത് വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നത് ബാനം പ്രദേശത്താണ്. ഇതിൽ എടുത്തു പറയേണ്ട ആകർഷണമാണ് ബാനം സ്കൂളിന് അടുത്തായി സ്ഥിതി ചെയ്യുന്ന പുലിമടയും ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള ഗുഹയും. കർഷകനും വ്യാപാരിയുമായ ബാനത്തെ ജയകൃഷ്ണൻ എന്ന വ്യക്തിയുടെ പറമ്പിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ മറു വശത്താണ് പുലിമട സ്ഥിതി ചെയ്യുന്നത്. ഏകദേശം 1970 കാലഘട്ടം വരെ പുലികൾ ഈ മടയിൽ വസിച്ചിരുന്നു എന്നും ആ കാലഘട്ടത്തിൽ ഗുഹയുടെ അടുത്തായി സ്ഥിതി ചെയ്തിരുന്ന പുൽമേടിൽ പുല്ല് തിന്നാൻ വന്നിരുന്ന പശുക്കളെയും ഒറ്റപ്പെട്ടു നിന്നിരുന്ന വീടുകളിലെ തൊഴുത്തിൽ നിന്നും പശുക്കളെയും ആടുകളെയും പുലികൾ പിടിച്ചിരുന്നതായും പഴയകാലത്തെ ഓർമകളിൽ നിന്നും ഓർത്തെടുത്ത് പരപ്പയിലെ ഭാസ്ക്കരൻ പട്ലം അടക്കമുള്ള
ഇന്ന് ജീവിച്ചിരിക്കുന്ന പല ദൃക്സാക്ഷികളും പറയുന്നു. പണ്ട് കാലത്ത് കാസർഗോഡ് ജില്ലയിലെ മലയോരമേഖലയിൽ വെള്ളത്തിന് വേണ്ടി നിർമ്മിച്ചിരുന്ന സുരങ്കങ്ങളുടെ ബാക്കിപത്രമാണ് ഈ ഗുഹ. ജയകൃഷ്ണൻ്റെ പൂർവ്വികർ വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതാണിത്, സുരങ്ക നിർമ്മാണത്തിനിടയിൽ ഏകദേശം 50 മീറ്റർ എത്തിയപ്പോൾ പ്രകൃതിദത്തമായ ഗുഹകണ്ടെത്തുകയായിരുന്നു. വിവിധ കൈവഴികളിലൂടെ ഗുഹ തിരിയുന്നുണ്ടെങ്കിലും പ്രധാന പാതയിലൂടെ സഞ്ചരിച്ചാൽ പ്രകൃതിദത്തമായ നിരവധി ഉറവകളും ചെറുജീവജാലങ്ങളുമൊക്കെയുള്ള മറ്റൊരു ലോകത്ത് നമുക്ക് എത്താം. നൂറ്റമ്പത് മീറ്ററിന് അപ്പുറത്തേക്ക് ഒരാൾക്ക് കഷ്ടിച്ച് ഏണി വച്ച് കയറി പോകാൻ പറ്റുന്ന നിലയിലാണ് ഗുഹ. ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഗുഹയുടെ മറ്റേ അറ്റമായ പുലിമടയിൽ എത്തിച്ചേരുമെങ്കിലും യാത്ര ദുഷ്കരമായതിനാൽ ആരും ശ്രമിക്കാറില്ല. ഗുഹയുടെ പ്രവേശന കവാടം തൊട്ട് കുറച്ചുദൂരം ജയകൃഷ്ണൻ ഇലക്ട്രിക് ബൾബ് സ്ഥാപിച്ചിട്ടുള്ളതിനാൽ നമുക്ക് ഗുഹയുടെ സൗന്ദര്യം മൊത്തമായി ആസ്വദിക്കാൻ പറ്റും. ഈ ഗുഹയിൽ നിന്നും പുറത്തേക്ക് വരുന്ന ശുദ്ധ ജലം ശേഖരിച്ച് ഒരു സ്വിമ്മിംഗ് പൂളും താഴെ ഭാഗത്ത് ജയകൃഷ്ണേട്ടൻ പണിതിട്ടുണ്ട്. നല്ലൊരു കൃഷിക്കാരൻ കൂടിയായ ഇദ്ദേഹം ചെണ്ടുമല്ലി കൃഷിയിലും വിജയം കൊയ്തിട്ടുണ്ട്. പ്രമുഖരും സെലിബ്രിറ്റികളും സ്വദേശികളും വിദേശികളുമൊക്കെ ബാനത്തെ ഈ അത്ഭുതലോകം കാണാൻ എത്താറുണ്ടെങ്കിലും കൃഷിയും കച്ചവടവുമായി തിരക്കിലായതിനാൽ ഇതിലൊന്നും വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റാറില്ലെന്ന് ജയകൃഷ്ണേട്ടൻ മലയോരം ഫ്ലാഷിനോട് പറഞ്ഞു, എങ്കിലും ഭാവിയിൽ ഗുഹയും അതിനോടനുബന്ധിച്ചു ഫാം കൾച്ചറൽ ടൂറിസവും ഹോം സ്റ്റേയും ഡെവലപ്പ് ചെയ്തു കൊണ്ടുവന്ന് അതുവഴി ബാനം എന്ന പ്രദേശവും ലോകടൂറിസം ഭൂപടത്തിൽ ഇടം പിടിക്കണം എന്നതാണ് ജയകൃഷ്ണേട്ടൻ്റെ ആഗ്രഹം.
ഗുഹയുടെയും പുലിമടയുടെയും വിഡിയോ കാണാൻ ലിങ്ക്
No comments