വ്യാജമദ്യനിർമാണം: ബെവ്‌കോ ജീവനക്കാരനും സംഘവും അറസ്റ്റിൽ; പിടികൂടിയത് 70 ലിറ്റർ
ഇടുക്കി: കഞ്ഞിക്കുഴിയില്‍ വ്യാജ മദ്യ നിര്‍മാണ യൂണിറ്റ് കണ്ടെത്തി. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ വീട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 70 ലിറ്റര്‍ വ്യാജ മദ്യവും ബോട്ട്‌ലിങ് യൂണിറ്റും പിടികൂടിയത്. 3500ഓളം കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം പൂപ്പാറയില്‍ വ്യാജമദ്യം പിടി കൂടിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കഞ്ഞിക്കുഴിയില്‍ വ്യാജ മദ്യം പിടിച്ചെടുത്തത്.പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്‌കോ ജീവനക്കാരന്‍ അടക്കം നാല് പേരെ ശാന്തന്‍പാറ പൊലീസ് പിടികൂടിയിരുന്നു. പൂപ്പാറ ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് പോത്തന്‍കോട് പുത്തന്‍ വീട്ടില്‍ ബിജു, കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യു, മകന്‍ എബിന്‍ എന്നിവരായിരുന്നു ശാന്തന്‍പാറ പൊലീസിന്റെ പിടിയിലായത്.മദ്യം വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജമദ്യമെത്തിച്ചു നല്‍കുന്ന സംഘത്തെയായിരുന്നു പൂപ്പാറയില്‍ നിന്ന് പിടികൂടിയത്. ഇവരുടെ മൊഴി പ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ഞിക്കുഴിയില്‍ നിന്ന് വ്യാജ മദ്യ നിര്‍മാണ യൂണിറ്റ് കണ്ടെത്തിയത്.
No comments