Breaking News

ജില്ലയിൽ പക്ഷി സർവേക്ക് ചിത്താരിയിൽ തുടക്കം തീരത്ത്‌ 46ഓളം പക്ഷികൾ


അജാനൂർ : ഏഷ്യൻ ജലപക്ഷി സെൻസസിന്റെ ഭാഗമായി അജാനൂർ പഞ്ചായത്ത് ബിഎംസിയും കാസർകോട് ബേർഡേഴ്സും നടത്തിയ പക്ഷി സർവേക്ക് ചിത്താരി അഴിമുഖത്ത് തുടക്കമായി. 46ഓളം പക്ഷികളെ കണ്ടെത്തി.
പാക്കിസ്ഥാൻ, ശ്രീലങ്ക, ഉത്തരേന്ത്യ തുടങ്ങിയ ഇടങ്ങളിൽ പ്രജനം നടത്തുന്ന ചെറുമണൽകോഴി, വടക്ക് പടിഞ്ഞാറ് ഹിമാലയങ്ങളിലെ നീർക്കാട, അലാസ്ക, സൈബീരിയയിൽ നിന്നും വരുന്ന പൊൻമണൽക്കോഴി, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന വാൾക്കൊക്കൻ, ചാരക്കുട്ടൻ കത്രികപ്പക്ഷി, ചുറ്റീന്തൽക്കിളി, തേൻകൊതിച്ചി, പരുന്ത്, ചിത്താരി കടപ്പുറത്തെ സ്ഥിര സാന്നിധ്യമായ വെള്ള വയറൻ കടൽ പരുന്ത് തുടങ്ങിയവയെ നിരീക്ഷിച്ചു.
രേഖകൾ പ്രകാരം 145 ഇനത്തിൽ പരം പക്ഷികളെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പകുതിയോളം ദേശാടന പക്ഷികളാണ്.
അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് സർവേ ഉദ്ഘാടനം ചെയ്തു. കെ സതി, പക്ഷി നിരീക്ഷകൻ എം ഹരീഷ് ബാബു രാവണേശ്വരം, ശ്യാംകുമാർ പുറവങ്കര, ഡോ അനിത എന്നിവർ സംസാരിച്ചു. പത്തംഗ പക്ഷി നിരീക്ഷകർ സർവേയിൽ പങ്കെടുത്തു.


No comments