Breaking News

ജില്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന 3 ഹോട്ടൽ അടപ്പിച്ചു


കാസർകോട്‌ : ഭക്ഷ്യസുരക്ഷാ വകുപ്പ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രണ്ടുദിവസമായി നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾ പൂട്ടിച്ചു. കാസർകോട്‌, തളങ്കര, മൊഗ്രാൽ എന്നിവിടങ്ങളിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഓരോ ഹോട്ടലാണ്‌ പൂട്ടിച്ചത്‌. കാസർകോട്‌, ഹൊസ്‌ദുർഗ്‌, മഞ്ചേശ്വരം താലൂക്കുകളിലായി 61 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 18 എണ്ണത്തിന്‌ പിഴയിട്ടു. 22 സാമ്പിൾ ലാബിലേക്ക്‌ പരിശോധനക്ക്‌ അയച്ചു.
കഴിഞ്ഞദിവസം സംസ്ഥാനത്ത്‌ വിവിധയിടങ്ങളിലായി ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ്‌ പരിശോധന ശക്തമാക്കിയത്‌. കഴിഞ്ഞവർഷം ചെറുവത്തൂരിൽ ഷവർമ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ പെൺകുട്ടി മരിച്ചിരുന്നു. നിരന്തരം ദുരന്തമുണ്ടാകുന്ന സാഹചര്യത്തിൽ പരിശോധന തുടരാനാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
പരിശോധനയ്‌ക്ക്‌ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ സെബിന മുഹമ്മദ്‌ അഷറഫ്‌, ടി ബി ആദിത്യൻ, ധനേഷ്‌ കൃഷ്‌ണ, അനൂപ്‌ ജോസഫ്‌, മൻസൂർ എന്നിവർ നേതൃത്വം നൽകി.


No comments